നവംബർ 15 ഉത്പന്ന ഏകാദശി: ചെയ്യേണ്ട കാര്യങ്ങളും പാരണ സമയവും

0
MAHAVISHNU

രാധേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം.

സുകൃതികളായ എല്ലാ പുണ്യാത്മാക്കള്‍ക്കും വിനീതമായ നമസ്‌കാരം. 2025 നവംബര്‍ 15-ാം തീയതി (തുലാം 29), മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ കറുത്തപക്ഷ ഏകാദശിയായ ഉത്പന്ന ഏകാദശി നാം ഭക്തിയോടെ അനുഷ്ഠിക്കുകയാണ്. എല്ലാ ഏകാദശി വ്രതങ്ങളുടെയും പരമമായ ലക്ഷ്യം ഭക്തി വര്‍ദ്ധിപ്പിച്ച് അന്തഃകരണ ശുദ്ധി നേടുക, അതുവഴി മോക്ഷപ്രാപ്തി കൈവരിക്കുക എന്നതാണ്. അറിയാതെയോ അറിഞ്ഞുകൊണ്ടോ ചെയ്ത പാപങ്ങളില്‍ നിന്ന് മോചനം നേടി പുനര്‍ജന്മമില്ലാത്ത അവസ്ഥയിലേക്ക് എത്താന്‍ ഉത്തമമായ ഒരു വ്രതാനുഷ്ഠാനമാണ് ഏകാദശി.

ഓരോ ഏകാദശിക്കും അതിന്റേതായ വ്രതകഥകളുണ്ട്. ശ്രദ്ധയോടെ ഈ കഥകള്‍ മനസ്സിലാക്കുകയും പാരണ സമയത്ത് ഭഗവാനെ സ്മരിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് വ്രതത്തിന്റെ ഫലം വര്‍ദ്ധിപ്പിക്കും. ഉത്പന്ന ഏകാദശിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പത്മപുരാണത്തിലെ ആ ഐതിഹ്യം നമുക്ക് സ്മരിക്കാം.

ഉത്ഭവം: മുരാസുര വധവും ഏകാദശീദേവിയുടെ ജനനവും

സത്യയുഗത്തില്‍, മുരാസുരന്‍ എന്ന് പേരുള്ള ഒരു അസുരന്‍ ഉണ്ടായിരുന്നു. അവന്റെ അതിക്രമം കാരണം ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗരാജ്യം പോലും ഉപേക്ഷിക്കേണ്ടി വന്നു. ദുഃഖിതരായ ദേവന്മാര്‍ മഹാദേവനെ അഭയം പ്രാപിച്ചെങ്കിലും, മുരാസുരനെ വധിക്കാന്‍ തനിക്കാവില്ലെന്നും മഹാവിഷ്ണുവിനെ സമീപിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് ദേവന്മാരെല്ലാം വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചു. ഭഗവാന്‍ മഹാവിഷ്ണു മുരാസുരനുമായി ഘോരമായ യുദ്ധം ആരംഭിച്ചു. ആയിരം വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിലും അസുരനെ തോല്‍പ്പിക്കാന്‍ ഭഗവാന് സാധിച്ചില്ല. ആയുധങ്ങള്‍ തീര്‍ന്ന ഭഗവാന്‍ ദ്വന്ദ്വയുദ്ധം നടത്തിയെങ്കിലും ക്ഷീണിതനായി.

 

അങ്ങനെ, ബദര്യാശ്രമത്തിനടുത്തുള്ള ‘സിംഹാവതി’ എന്ന ഗുഹയില്‍ ഭഗവാന്‍ വിശ്രമം തേടി. ഭഗവാനെ പിന്തുടര്‍ന്നെത്തിയ മുരാസുരന്‍, ഉറങ്ങിക്കിടക്കുന്ന മഹാവിഷ്ണുവിനെ വധിക്കാന്‍ ശ്രമിച്ചു.

 

ഈ സമയം, അത്ഭുതകരമായി ഭഗവാന്റെ ദിവ്യ ശരീരത്തില്‍ നിന്നും സുന്ദരിയും, ദിവ്യതേജസ്സുള്ളവളും, സര്‍വ്വായുധധാരിയുമായ ഒരു ശ്രീ (ദേവി) ആവിര്‍ഭവിച്ചു.

ഈ ദേവി, അസുരനായ മുരാരിയെ തന്റെ മായയില്‍ മയക്കിയെടുത്ത് ഭസ്മമാക്കി തീര്‍ത്തു. നിമിഷങ്ങള്‍ക്കകം കണ്ണുതുറന്ന ഭഗവാന്‍, മുരാസുരന്‍ വെണ്ണീറായി കിടക്കുന്ന കാഴ്ച കണ്ടു. ആരാണ് തന്നെ രക്ഷിച്ചതെന്ന ഭഗവാന്റെ ചോദ്യത്തിന്, ആ സുന്ദരി ഇങ്ങനെ മറുപടി നല്‍കി:

‘അങ്ങയുടെ ശരീരത്തില്‍ നിന്നും ഉത്ഭവിച്ചവളാണ് ഞാന്‍. അങ്ങ് ഉറങ്ങിക്കിടക്കുന്ന സമയത്ത്, അങ്ങയെ രക്ഷിക്കാന്‍ വേണ്ടി ആവിര്‍ഭവിച്ച എന്റെ പേര് ഏകാദശി എന്നാണ്.’

ഉത്പന്ന ഏകാദശി എന്ന നാമത്തിന്റെ കാരണം

തന്നെ മുരാസുരനില്‍ നിന്ന് രക്ഷിച്ച ഏകാദശീദേവിയില്‍ ഭഗവാന്‍ സന്തുഷ്ടനായി. അദ്ദേഹം ദേവിയോട് ഒരു വരം ആവശ്യപ്പെടാന്‍ പറഞ്ഞു. അപ്പോള്‍ ഏകാദശീദേവി തന്റെ ആഗ്രഹം അറിയിച്ചു:

‘എന്റെ ഈ പുണ്യദിന വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് അശ്വമേധ ഫലം ലഭിക്കണം.’
‘അവര്‍ വിഷ്ണുലോകത്ത് എത്തിച്ചേരണം.’
‘ഏകാദശി തിഥിയില്‍ രാത്രി ജാഗരണം അനുഷ്ഠിക്കുന്നവര്‍ക്ക് അവരുടെ കുലത്തില്‍ ജനിക്കുന്നവര്‍ക്കെല്ലാം വൈഷ്ണവലോകം ലഭിക്കണം, പുനര്‍ജന്മം ഉണ്ടാകരുത്.’

ഈ അപേക്ഷ കേട്ട ഭഗവാന്‍, ‘ഭവതി ആഗ്രഹിക്കുന്നതുപോലെ എല്ലാം ലഭിക്കും’ എന്ന് അനുഗ്രഹിച്ചു. അതുകൂടാതെ:

 

‘ഈ ഏകാദശി ഭക്തിപൂര്‍വ്വം അനുഷ്ഠിക്കുന്നവര്‍ക്ക് ഐഹികമായ എല്ലാ സുഖങ്ങളും, ഏറ്റവും ഒടുവില്‍ സായൂജ്യവും (മോക്ഷവും) ലഭിക്കും. എന്റെ ശരീരത്തില്‍ നിന്നും ഉത്ഭവിച്ച ഈ ദിനം, ‘ഉത്പന്ന ഏകാദശി’ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യും.’

 

ഇങ്ങനെ, മഹാവിഷ്ണുവില്‍ നിന്നും ഉത്ഭവിച്ച (ജനിച്ച) ഏകാദശിയായതുകൊണ്ടാണ് മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ കറുത്തപക്ഷ ഏകാദശിക്ക് ‘ഉത്പന്ന ഏകാദശി’ എന്ന പേര് ലഭിച്ചത്.

ഉത്പന്ന ഏകാദശി വ്രതം: തിഥിയും പാരണയും

വ്രതാനുഷ്ഠാനത്തിലൂടെ ഐഹികമായ എല്ലാ ഐശ്വര്യസമൃദ്ധിയും, പാപമോചനവും, പരമമായ മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് വിശ്വാസം.

ഏകാദശി തിഥി ആരംഭം: 2025 നവംബര്‍ 15, വെളുപ്പിന് 12:49 AM.

ഏകാദശി തിഥി അവസാനം: 2025 നവംബര്‍ 16, വെളുപ്പിന് 02:37 AM.

ഹരിവാസരം (അവസാനം): നവംബര്‍ 15, രാത്രി 08:11 PM.

പാരണ (വ്രതം അവസാനിപ്പിക്കേണ്ട സമയം): നവംബര്‍ 16, രാവിലെ 9:00 AM നും 10:00 AM നും ഇടയില്‍.

പാരണ സമയത്ത്, തുളസിയിലയോടൊപ്പം അവല്‍, മലര്‍, അക്ഷതം എന്നിവ ഭഗവാന് സമര്‍പ്പിച്ച്, ‘ഭഗവാനെ സന്തോഷത്തോടെ സ്വീകരിക്കണേ’ എന്ന ഭാവത്തോടെ വ്രതം അവസാനിപ്പിക്കാവുന്നതാണ്.

ഓരോരുത്തരുടെയും പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ച് ഏകാദശി അനുഷ്ഠിച്ച്, ഭഗവാന്റെയും ഏകാദശീദേവിയുടെയും അനുഗ്രഹ ആശിസ്സുകള്‍ നേടാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *