‘ഇ ഐ എസ് തിലകന്‍ സ്‌മാരക കവിതാപുരസ്‌കാരം’ – പ്രഖ്യാപിച്ചു
മുംബൈ: :മറുനാടന്‍ മലയാളികള്‍ക്കുവേണ്ടി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘമായ ‘സാഹിത്യ ചര്‍ച്ചാവേദി’ പ്രഖ്യാപിച്ച ‘ഇ ഐ എസ് തിലകന്‍ സ്മാരക കവിതാപുരസ്‌കാര ‘ത്തിന് ഹൈദരാബാദില്‍ നിന്നുള്ള ജി അനില്‍കുമാറിന്റെ ‘ബുദ്ധനാകുവാന്‍ ‘ എന്ന കവിത അര്‍ഹമായി.
മുംബൈയുടെ സാഹിത്യ സാംസ്‌കാരിക ചരിത്രത്തിലെ നിറതേജസ്സായിരുന്ന ഇ ഐ എസ് തിലകന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് കവിതാപുരസ്‌കാരം പ്രഖ്യാപിച്ചതെന്ന് സംഘാടകർ അറിയിച്ചു.
പുരസ്‌കാര നിര്‍ണ്ണയത്തിനു ലഭിച്ച 71 കവിതകളില്‍ നിന്നാണ് വിധികര്‍ത്താക്കള്‍ ‘ബുദ്ധനാകുവാന്‍’ എന്ന കവിത തിരഞ്ഞെടുത്തത്.
ആലപ്പുഴയിലെ കുട്ടനാട് കൈനകരി സ്വദേശിയായ ജി അനില്‍കുമാര്‍ 40 വര്‍ഷങ്ങളായി ഹൈദരാബാദില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭാര്യ വിലാസിനിയും രണ്ടു മക്കളും അടങ്ങിയ കുടുംബം. കുരിശില്‍ പിടയുന്ന സത്യങ്ങള്‍, അതിരുകള്‍ക്കപ്പുറം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2024 ഡിസംബര്‍ 14, 15 തീയതികളില്‍ മുംബൈയിലെ ആദര്‍ശ വിദ്യാലയത്തില്‍ നടക്കുന്ന ‘കവിതയുടെ കാര്‍ണിവല്‍’ ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ തുളസി മണിയാര്‍ അറിയിച്ചു.
സാഹിത്യ ചര്‍ച്ചാവേദിയും പുലിസ്റ്റര്‍ ബുക്കും സംയുക്തമായി നടത്തുന്ന ചടങ്ങില്‍ കവി സെബാസ്റ്റിയന്‍, ബഹുഭാഷാകവി ജേക്കബ് ഐസക്ക് തുടങ്ങിയവര്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന കവിയരങ്ങുകള്‍, ചര്‍ച്ചകള്‍, മറാത്തി മലയാളി കവിയരങ്ങ്, കവിതാപ്രബന്ധങ്ങളുടെ അവതരണം തുടങ്ങിയ പരിപാടികള്‍ കാര്‍ണിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9930878253.
ഇ. ഐ. എസ് തിലകന്‍
1938 ജനുവരി 14-ന്, തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ ജനനം. കുടുംബം- അച്ഛന്‍: ഈഴവപ്പടി ഇക്കോരക്കുട്ടി. അമ്മ: കൈപ്പിള്ളി അമ്മു. സഹോദരിമാര്‍: മാധവി രാമന്‍, കരണവല്ലി നളന്‍, ലത കറപ്പക്കുട്ടി, അല്ലി അശോകന്‍. ലത മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളു.
വിദ്യാഭ്യാസം: പെരിങ്ങോട്ടുകര അമ്പലസ്‌കൂളിലും ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. തൃശൂര്‍ സെന്റ് തോമസ്സില്‍ ബിരുദം. ബോംബെ സര്‍വ്വകലാശാലയില്‍ ബിരുദാനന്ദരം. ദില്ലിയിലെ ഡെവലപ്‌മെന്റ് സെന്ററില്‍ മാനേജ്‌മെന്റ് കോഴ്‌സ്.
ഇന്റര്‍മീഡിയറ്റില്‍ പഠിക്കുന്ന കാലത്തുതന്നെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കര്‍ഷകസംഘത്തിന്റെ പ്രാദേശിക സെക്രട്ടറിയായിരുന്നു. ബോംബെയിലെ പഠനത്തിനുശേഷം, ആറേഴ് സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്ത്, മടുത്ത്, ഒടുവില്‍ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ കൂടുകൂട്ടി. അവിടെ സ്റ്റാഫ് അസോസ്സിയേഷന്റെ സംഘാടകനും പ്രഥമ സെക്രട്ടറിയുമായി. 1965 മുതല്‍ സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിച്ചുതുടങ്ങി. എഴുപതുകളുടെ ആരംഭത്തോടെ, ഡെക്കോറ എന്ന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ സംഘാടനം ആരംഭിച്ചു. ഡെക്കോറയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളും കണ്‍വീനറും ഡെക്കോറയുടെ മുഖപ്രസിദ്ധീകരണമായ സംഘഗാനത്തിന്റെ പ്രസാധകനും എഡിറ്ററും ക്രിയേറ്റീവ് സ്റ്റഡീസെന്ററിന്റെ സ്ഥാപകാംഗവും കണ്‍വീനറും. ‘സമന്വയം’ ടേബ്ലോയ്ഡിന്റെ സ്ഥാപകാംഗവും എഡിറ്ററും. വിശാലകേരളം മാസികയുടെ മുന്‍ എഡിറ്റര്‍. നഗരകവിതയുടെ എഡിറ്റര്‍മാരില്‍ ഒരാള്‍.
ബോംബെയിലെ പ്രസിദ്ധ ലൈബ്രറികളായ സെന്‍ട്രല്‍ ലൈബ്രറി, മാക്‌സ് മുള്ളര്‍ ഭവന്‍ ലൈബ്രറി, യൂണിവേഴ്‌സിറ്റി ലൈബ്രറി, ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറി, കൊളാബയിലെ ഡോക്യുമെന്റേഷന്‍ സെന്റര്‍ എന്നിവ വ്യാപകമായി ഉപയോഗപ്പെടുത്തി, ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എട്ട് പുസ്തകങ്ങള്‍ക്ക് അവതാരികയെഴുതി. ബോംബെ മലയാളി സംഘടനകളുടെ ചര്‍ച്ചായോഗങ്ങളിലും കവിയരങ്ങുകളിലും സ്ഥിരസാന്നിധ്യമായിരുന്നു.
സവിശേഷ താത്പര്യമുള്ള വിഷയങ്ങള്‍: മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഈസ്‌തെറ്റിക്‌സ്, കലാചരിത്രം, സംസ്‌കാര പഠനം മുതലായവ.
അവാര്‍ഡുകള്‍: 1 നാടകകലയുടെ സൗന്ദര്യശാസ്ത്രം എന്ന പ്രബന്ധത്തിന് സാഹിത്യവേദിയുടെ വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം
2. അബുദാബി കള്‍ച്ചറല്‍ സെന്ററിന്റെ പ്രവാസി കവിതാപുരസ്‌കാരം.
ജനശക്തി (ഡോംബിവിലി)യുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.
4. ശ്രീമാന്‍ സ്മാരക പുരസ്‌കാരം- 2018.
5. മുളുണ്ട് കേരളസമാജം ഏര്‍പ്പെടുത്തിയ കെ. എം. മാത്യു മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് 2018
ആദ്യ പുസ്തകം: ശവനിലം (കവിതാസമാഹാരം).
ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ദീപ്ത വിജയന്‍, സന്നിഗ്ദ്ധത രാജേഷ്, സീമ മല്ലിക്, സര്‍ഗ്ഗ ശ്രീരാം. പേരക്കുട്ടികള്‍: ശ്രീക്കുട്ടന്‍, മണിക്കുട്ടന്‍, ഹരിക്കുട്ടന്‍. ഭാഗിനേയര്‍: സുഗു, സുകൃതന്‍, സുരേഷ്, സുധീഷ്, റെഗിഷ്, ജ്വാല, സന്ധ്യ, ശില്പ.
2021 മെയ് 13 ന് അന്തരിച്ചു.
“മുംബൈയിലെ മലയാളിപ്രബുദ്ധതയുടെ ചരിത്രത്തിൽ സുപ്രധാനമാണ് ഇ.ഐ.എസ്. തിലകന്റെ സ്ഥാനം. കവി, ചിന്തകൻ, എഡിറ്റർ സംഘാടകൻ, ഇടത്‌പക്ഷ രാഷ്ട്രീയ/ സാംസ്കാരിക/വിമർശകസാംസ്കാരിക/വിമർശകൻ, പ്രവർത്തകൻ, പ്രഭാഷകൻ, തുടങ്ങി ഒട്ടേറെയായിരുന്നു മുംബൈ മലയാളിയുടെ സ്വത്വാവബോധത്തിലും സാംസ്കാരിക പൊതുമണ്ഡലത്തിലും തിലകൻ സ്വയംഏറ്റെടുത്ത സാമൂഹിക ദൗത്യങ്ങൾ .ഏറ്റവും പുതിയ അറിവുകളുടെ വാഹകനായും നിഷ്ക്രിയതയ്ക്കും സിനിസിസത്തിനുമെതിരെ തിരുത്തൽശക്തിയായും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രത്യാശയുടെയും ഊർജ്ജസ്വലനായ സ്രഷ്ടാവായും തിലകൻ പ്രവർത്തിച്ചു. സ്വജനങ്ങളെ പഴമ വിഴുങ്ങി പാഴാക്കുന്നതിൽ നിന്ന് ആവുന്നത്ര പുതുമയിലേക്ക് വിമോചിപ്പിച്ചുസ്വന്തം ഇടത്തിൽ എന്നും പുതുമയുടെ പ്രചോദകനും പ്രതിനിധിയുമായിരുന്നു തിലകൻ ‘- കവി കെ.ജി. ശങ്കരപ്പിള്ള