ബലിപെരുന്നാൾ: സൗദിയിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു
റിയാദ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് സൗദി അറേബ്യയിൽ സ്വകാര്യ മേഖലയ്‌ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവ വിഭവ ശേഷി മന്ത്രാലയം. ജൂൺ 15 മുതൽ 18വരയൊണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്‌ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ചയും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. മാസപ്പിറവി കണ്ടതോടെ ഹിജ്റ 1444ലെ ഹജ്ജ് ഈ മാസം 14ന് ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് മാസപ്പിറവി ദൃശ്യമായത്. ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ജൂണ് 16നാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഒമാനിൽ ജൂൺ 17നാണ് ബലിപെരുന്നാൾ.
ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ് ദുൽ ഹജ്ജ്. ദുൽ ഹജ്ജ് മാസത്തിലാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നത്. ദുൽ ഹജ്ജ് 10നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.
അല്ലാഹുവിന്റെ കൽപ്പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകനായ ഇസ്മായീലിനെ ബലിയറുക്കാൻ തുനിഞ്ഞതിന്‍റെ ഓർമ പുതുക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇതിന്റെ പ്രതീകമായി അന്നേ ദിവസം മൃഗബലി നടത്താറുണ്ട്.
ബലി എന്നർഥമുള്ള അദ്ഹ എന്ന അറബിക് പദത്തിൽ നിന്നാണ് ഈദുൽ അദ്‌ഹ അഥവാ ബലിപെരുന്നാൾ എന്ന വാക്ക് രൂപപ്പെടുന്നത്. ഇസ്ലാമിലെ രണ്ടു പെരുന്നാളുകളും രണ്ടു ആരാധനകളോട് അനുബന്ധിച്ചാണ് വരുന്നത്