എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി,മുട്ട റോസ്റ്റ്…: സ്‌കൂൾ കുട്ടികൾക്കിനി വൈവിദ്ധ്യമാർന്ന ഉച്ചഭക്ഷണം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ (ഓഗസ്‌റ്റ് 1) മുതല്‍ പുതുക്കിയ ഉച്ചഭക്ഷണ മെനു നടപ്പിലാക്കും. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ കാതാലായ മാറ്റമാണ് സ്‌കൂളുകളില്‍ പ്രാബല്യത്തില്‍ വരുന്നത്. പുതു തലമുറക്ക് ഇനി ചോറും ചെറുപയർ കറിയും മാത്രമാകില്ല, ‘എഗ് റൈസ് ‘മുതല്‍ ‘കൂട്ടു കുറുമ’ വരെ ഉച്ചഭക്ഷണമായി ലഭിക്കും. ഒരോ ദിവസവും ഭക്ഷണ മെനു ഇനി മുതൽ മാറികൊണ്ടിരിക്കും. കുട്ടികളുടെ ആരോഗ്യവും അവരുടെ ഇഷ്‌ടങ്ങളും കണക്കിലെടുത്ത് പുത്തൻ ഭക്ഷണ മെനുവാണ് സർക്കാർ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. വിദഗ്‌ധ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉച്ചഭക്ഷണ മെനു തയ്യാറാക്കിയിരിക്കുന്നത്.
കുട്ടികളിൽ ശരിയായ പോഷകങ്ങളുടെ കുറവുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ പുതിയ മെനു നടപ്പിലാക്കുന്നത്. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പുതിയ മെനു അനുസരിച്ച് ഭക്ഷണം ലഭ്യമാവുക.ആഴ്‌ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ലഭ്യമാക്കണമെന്നാണ് സർക്കാരിൻ്റെ നിർദേശം. ഇവയോടൊപ്പം കൂട്ടുകറിയോ കുറുമ കറിയോ നൽകണമെന്നും നിര്‍ദേശമുണ്ട്.
പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയും ഇതില്‍ ഉള്‍പ്പെടും. ചെറുധാന്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ആഴ്‌ചയിൽ റാഗി ഉപയോഗിച്ച് റാഗി ബോൾസ്, ശർക്കരയും തേങ്ങയും ചേർത്ത റാഗി കോഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നിവയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ ഉച്ചഭക്ഷണ മെനു:
ഒന്നാം ദിവസം – ചോറ്, കാബേജ് തോരൻ, സാമ്പാർ
രണ്ടാം ദിവസം – ചോറ്, പരിപ്പ് കറി, ചീരത്തോരൻ
മൂന്നാം ദിവസം- ചോറ്, കടല മസാല, കോവയ്ക്ക തോരൻ
നാലാം ദിവസം – ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ
അഞ്ചാം ദിവസം – ചോറ്, സോയ കറി, കാരറ്റ് തോരൻ
ആറാം ദിവസം – ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ
ഏഴാം ദിവസം – ചോറ്, തീയൽ, ചെറുപയർ തോരൻ
എട്ടാം ദിവസം – ചോറ്, എരിശ്ശേരി, മുതിര തോരൻ
ഒമ്പതാം ദിവസം – ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
പത്താം ദിവസം – ചോറ്, സാമ്പാർ, മുട്ട അവിയൽ
പതിനൊന്നാം ദിവസം – ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കറി
പന്ത്രണ്ടാം ദിവസം ചോറ്, പനീർ കറി, ബീൻസ് തോരൻ
പതിമൂന്നാം ദിവസം ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ
പതിനാലാം ദിവസം ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
പതിനഞ്ചാം ദിവസം ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല
പതിനാറം ദിവസം ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
പതിനേഴാം ദിവസം ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
പതിനെട്ടാം ദിവസം ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
പത്തൊമ്പതാം ദിവസം ചോറ്, പരിപ്പ് കുറുമ, അവിയൽ
ഇരുപത് ദിവസം ചോറ് / ലെമൺ റൈസ്, കടല മസാല
സ്‌കൂൾ ബെല്ലടിച്ചാല്‍ ഓടിയെത്തി വരിവരിയായി നിന്ന് വാങ്ങുന്നത് ഇനി ഉച്ചക്കഞ്ഞിയും ചോറും പയറും ആയിരിക്കില്ല ,വിറ്റാമിൻസും പ്രോട്ടനുമൊക്കെനിറഞ്ഞ വൈവിധ്യമാർന്ന ഭക്ഷണങ്ങളായിരിക്കും .പഠനത്തിനു തന്നെ പുതിയൊരു രുചിയായിരിക്കും നാളെ മുതൽ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ പോകുന്നത്.