ഉഷ്ണതരംഗ സാധ്യത;സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.
സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണമെന്നും നിർദേശം. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.
പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.
അതേസമയം ചൂട് സമാധാനത്തിന്റെ പല ഇടങ്ങളിലും ഉയർന്ന് തന്നെ നിൽക്കുകയാണ്.പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നുണ്ട്. ഇതടക്കമുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയ ചൂടിൽ നേരിയ കുറവുണ്ട്. സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസിനടുത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 3.7 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. എന്നാലും പാലക്കാട്ടെ പൊള്ളുന്ന ചൂടിന് ശമനമില്ല.