വിദ്യാരംഭം: വിരൽത്തുമ്പിൽ അക്ഷരങ്ങൾ വിരിഞ്ഞു; അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ
തിരുവനന്തപുരം∙ വിജയദശമി ദിനത്തിൽ വിദ്യാദേവതയ്ക്കു മുന്നിൽ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിനു കുരുന്നുകൾ അറിവിന്റെ വെളിച്ചത്തിലേക്കു കടന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, തിരൂർ തുഞ്ചൻപറമ്പ്, ചോറ്റാനിക്കര ദേവീ ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. കേരള രാജ് ഭവനിൽ രാവിലെ 7.15 മുതൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 55 കുട്ടികളെ ആദ്യക്ഷരം എഴുതിച്ചു.തിരൂർ തുഞ്ചൻപറമ്പിൽ രാവിലെ 5ന് വിദ്യാരംഭച്ചടങ്ങ് ആരംഭിച്ചു. സരസ്വതി മണ്ഡപത്തിലും കൃഷ്ണശിലാ മണ്ഡപത്തിലുമാണ് എഴുത്തിനിരുത്തൽ നടന്നത്. സരസ്വതി മണ്ഡപത്തിൽ നാൽപതിലേറെ സാഹിത്യകാരന്മാരും കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരും കുട്ടികൾക്കു ഹരിശ്രീ കുറിച്ചു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറോളം പേർ ഇവിടെയെത്തി തങ്ങൾ രചിച്ച കവിതകൾ ചൊല്ലി. തുഞ്ചൻപറമ്പിലെ കാഞ്ഞിരമരച്ചുവട്ടിലും ഹരിശ്രീ കുറിക്കാൻ ധാരാളം പേരെത്തി.തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, കരിക്കകം ശ്രീചാമുണ്ഡി ദേവി ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.ശാന്തിഗിരി ആശ്രമത്തിൽ പ്രാർഥനാലയത്തിലും ശിവഗിരി മഠത്തിൽ ശാരദാദേവി സന്നിധിയിലും വിദ്യാരംഭച്ചടങ്ങു നടന്നു.
ശാരദമഠത്തിലെ വഴിപാടുകൾക്ക് പ്രസാദമായി പൂജിച്ച പേന നൽകി. ശാന്തിഗിരിയിൽ പ്രാർഥനാലയം, താമര പർണശാല, സഹകരണ മന്ദിരം എന്നിവിടങ്ങളിലും ശിവഗിരിയിൽ പർണശാല, വൈദികമഠം, ബോധാനന്ദ സ്വാമി പീഠം, മഹാസമാധി സന്നിധി എന്നിവിടങ്ങളിലും ദർശനത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ദേശീയ ബാലതരംഗം ഗാന്ധി സ്മാരക നിധിയുമായി ചേർന്ന് തൈക്കാട് ഗാന്ധി ഭവനിൽ വിദ്യാരംഭം നടത്തി.എറണാകുളം ജില്ലയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളും പ്രത്യേക പൂജകളും നടന്നു. ക്ഷേത്രങ്ങൾക്കു പുറമേ സാംസ്കാരിക, സാമുദായിക സ്ഥാപനങ്ങളുടെ നേതൃത്വത്തിലും അക്ഷരപൂജയും വിദ്യാരംഭവും നടന്നു.
ചോറ്റാനിക്കര ദേവീ ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാനെത്തി.കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ പുലർച്ചെ 4 മുതൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. സരസ്വതി നടയ്‌ക്കു മുൻപിൽ അറിവിന്റെ ആദ്യാക്ഷരങ്ങളും കലയുടെ അരങ്ങേറ്റവുമായി ഭക്‌തർ നിറഞ്ഞു.തൃശൂർ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ രാവിലെ 4 മുതൽ ഉച്ച വരെയും വൈകിട്ട് 5 മുതൽ 6 വരെയുമാണ് എഴുത്തിനിരുത്തൽ ചടങ്ങുകൾ. 50ലധികം ആചാര്യന്മാർ ക്ഷേത്രത്തിലുണ്ടാകും.
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാവിലെ 7.15 മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, തൊടുപുഴ ശ്രീ അന്നപൂർണേശ്വരി നവഗ്രഹ–ഭദ്രകാളി ക്ഷേത്രം, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, തൊണ്ടിക്കുഴ അമൃതകലശ ശാസ്താ ക്ഷേത്രം, പടിഞ്ഞാറേ കോടിക്കുളം തൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോടിക്കുളം അഞ്ചക്കുളം മഹാദേവി ക്ഷേത്രം, വെൺമണി പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവക്ഷേത്രം, കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രം അടക്കമുള്ള വിവിധ ക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടന്നു.കാസർകോട്അ ണങ്കൂർ ശാരദാംബ ഭജന മന്ദിരം, ദേളി തായത്തൊടി ദുർഗാപരമേശ്വരി ക്ഷേത്രം, കോട്ടക്കണി സപരിവാര അന്നപൂർണേശ്വരി മഹാകാളി ക്ഷേത്രം എന്നിവിടങ്ങളിൽ വിദ്യാരംഭ ചടങ്ങ് നടന്നു.