ഈദിൻ പ്രകാശം ജൂൺ നാല് ബുധനാഴ്ച വൈകുന്നേരം റിലീസ് ചെയ്യും

അബുദാബി: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി യിലെ സംഗീത കൂട്ടായ്മ ആർട്ട് ഫാക്ടറി
ഒരുക്കുന്ന “ഈദിൻ പ്രകാശം” എന്ന സംഗീത ആൽബം അണിയറയിൽ ഒരുങ്ങുന്നു. ഗാനാലാപന രംഗത്ത് നിരവധി വേദികളിൽ വേറിട്ട അവതരണ മികവിലൂടെ സംഗീത ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ യുവ ഗായകൻ ഷാഹുൽ പുന്നക്കൽ, ഗായിക നസ്മിജ ഇബ്രാഹിം എന്നിവർ ആലപിച്ച പെരുന്നാൾ ഗാനം രചിച്ചിരിക്കുന്നത് അധ്യാപിക കൂടിയായ അസ്നാ അലി വാഫിയ്യ. സംഗീതം നൽകി ഓർക്കസ്ട്ര ചെയ്തത് C H ഫഹദ്.
നിരവധി സംഗീത ദൃശ്യ ആവിഷ്കാരങ്ങൾ ഒരുക്കിയ മാധ്യമ പ്രവർത്തകൻ കൂടിയായ പി. എം. അബ്ദുൽ റഹിമാൻ സംവിധാനം ചെയ്ത “ഈദിൻ പ്രകാശം” എന്ന സംഗീത ആൽബം അബുദാബി യിലെ കലാ സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന ലത്തീഫ് പാലസ്, ശരീഫ് ഫർദാൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു. പ്രവാസ ലോകത്ത് തുടർന്നു വരുന്ന സാഹോദര്യത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ശക്തി എടുത്തു കാണിച്ചു കൊണ്ട് ത്യാഗ സ്മരണകൾ പുതുക്കി ബലി പെരുന്നാൾ ആഘോഷിക്കുമ്പോൾ ഒരു കലാ കുടുംബം അതിനുള്ള പശ്ചാത്തലം ആവുകയാണ് ഈ ആൽബത്തിലൂടെ…
ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും ശ്രദ്ധേയരായ ഷാഫി മംഗലം, സിറാജ് എടപ്പാൾ, ഷാനവാസ് ചെന്ത്രാപ്പിന്നി, C M V ഫത്താഹ്, സുലൈമാൻ, സഹദ് അഞ്ചില്ലത്ത്, പി. എം. മുസ്തഫ തുടങ്ങിയ ഇരുപതോളം കലാ കാരന്മാർ പിന്നണിയിൽ
പ്രവർത്തിച്ച “ഈദിൻ പ്രകാശം” 2025 ജൂൺ നാല് ബുധനാഴ്ച വൈകുന്നേരം എസ്സാർ മീഡിയ ഓൺ ലൈൻ ചാനലിലൂടെ റിലീസ് ചെയ്യും.