17കാരിയുടെ മരണം: മൃതദേഹം കിടന്നതിനു സമീപത്തുനിന്ന് വസ്ത്രങ്ങൾ കണ്ടെത്തി.

0

മലപ്പുറം: എടവണ്ണപ്പാറയിലെ ചാലിയാര്‍ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരിയുടെ വസ്ത്രം കണ്ടെത്തി. ചാലിയാറിൽ മൃതദേഹം കണ്ടതിന് സമീപത്ത് പുഴയിൽ നിന്നാണ് പെണ്‍കുട്ടിയുടെ വസ്ത്രം കണ്ടെത്തിയത്. വാഴക്കാട് പൊലീസിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ പുഴയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. മേൽവസ്ത്രമില്ലാതെയാണ് ഇവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കാര്യത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നുണ്ട്.

പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയ സമയത്ത് റോഡിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കൾ ബൈക്കിലെത്തിയിരുന്നു. പെൺകുട്ടി ഇവരുമായി വാക്കുതർക്കമുണ്ടായതായി നാട്ടുകാർ കണ്ടിട്ടുണ്ട്. മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെൺകുട്ടിയുടെ സഹോദരി പറയുന്നു. മൃതദേഹത്തിൽ മേൽവസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണ്. കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും പെൺകുട്ടിയുടെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നേരത്തെ, പെൺകുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയിൽ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയും രം​ഗത്തെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തിയത്.

മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മുകളിലെ വസ്ത്രം ഉണ്ടായിരുന്നില്ല. അതിനാലാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ സംശയമുള്ളതെന്നും ജുവൈരിയ പറഞ്ഞു. മുങ്ങാനുള്ള വെള്ളമില്ലാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നതെന്നും മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും അയല്‍വാസികളും ബന്ധുക്കളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റിയും നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പെണ്‍കുട്ടിയെ കരാട്ടെ പഠിപ്പിച്ച് കൊണ്ടിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊർക്കടവിൽ കരാട്ടെ സ്ഥാപനം നടത്തുന്ന സിദിഖ് അലിയെയാണ് വാഴക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാൾ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി നൽകിയിരുന്നു. പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *