മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനസ്ഥാപിച്ചു
എടത്വാ:മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനസ്ഥാപി ച്ചു.ഇനി ബസ് സമയം തിരക്കി യാത്രക്കാർക്ക് ഡിപ്പോയിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലയെന്ന ആക്ഷേപം ഉണ്ടാകില്ല.കഴിഞ്ഞ മൂന്ന് മാസമായി ഡിപ്പോയിലെ ലാൻഡ് ഫോൺ തകരാറിലായിരുന്നു.
കഴിഞ്ഞ ദിവസം ദീർഘദൂര സർവീസ് നടത്തുന്ന ബസിന്റെ സമയം അറിയുന്നതിന് ഡിപ്പോയിലേക്ക് വിളിച്ച എടത്വ വികസന സമിതി ജനറൽ സെക്രട്ടറിയും ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റുമായ ഡോ.ജോൺസൺ വി.ഇടിക്കുള ഒടുവില്‍ ഡിപ്പോയിൽ എത്തി അവിടെ നിന്ന് ലാൻഡ് ഫോണിലേക്ക് വിളിച്ചു.തൊട്ടരികിൽ കസേരയിൽ ജീവനക്കാർ ഇരിക്കുന്നുണ്ട്; റിംഗ് ശബ്ദം ഉണ്ടെങ്കിലും ഫോൺ നിശ്ചലം തന്നെ! ഫോൺ തകരാറിലാണെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ രശ്മിനാവുമായി സംസാരിച്ച് ഉറപ്പു വരുത്തി.കൂടാതെ അവിടെ വെച്ച് തന്നെ ബിഎസ്എൻഎൽ സബ് ഡിവിഷണൽ എഞ്ചിനിയറെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ബില്ലുകൾ കൃത്യമായി അടച്ചിട്ടുണ്ടെന്നും ഒടുവിൽ 1311 രൂപയുടെ ബില്ല് അടച്ചപ്പോഴും ഡിപ്പോ ജീവനക്കാർ എടത്വാ ബിഎസ്എൻഎൽ ഓഫീസിൽ ഫോൺ കേടായ വിവരം അറിയിച്ചിരുന്നതാണെ ന്നും ഇൻസ്പെക്ടർ രശ്മി നാഥ് പറഞ്ഞു.ലാൻഡ് ഫോണിൻ്റെയും കേബിളിൻ്റെയും തകരാറു മൂലമാണ് ഫോൺ ശബ്ദിക്കാത്തതെന്നും കേടായ ഫോൺ മാറ്റി നല്കുവാൻ നിർവാഹമില്ലയെന്നും ഈ വിവരം പരാതിക്കാരെ പല തവണ അറിയിച്ചിരുന്നതായും ബിഎസ്എൻഎൽ എസ്ഡിഇ പറഞ്ഞു.
ഒടുവിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ ഭാരവാഹികൾ പുതിയ ഫോൺ വാങ്ങി നല്കാൻ സന്നദ്ധത അറിയിച്ചെങ്കിലും ഡിപ്പോ ജീവനക്കാർ തന്നെ ഫോൺ വാങ്ങി കണക്ഷൻ പുനഃസ്ഥാപിച്ചു.
എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് ഉൾപ്പെടെ നിരവധി ദീർഘദൂര സർവ്വീസുകൾ വരെയുള്ള ഡിപ്പോയിൽ ബസ് പുറപ്പെടുന്ന സമയവും വരുന്ന സമയവും അന്വേഷിച്ച് നിരവധി യാത്രക്കാർ ബന്ധപെടാറുണ്ട്.ഒട്ടുമിക്ക യാത്രക്കാരും ഗൂഗിളിൽ നിന്നോ ടെലികോം ഡയറക്ടറിയിൽ നിന്നോ നമ്പർ സംഘടിപ്പിച്ചാണ് ഫോൺ വിളിക്കുന്നത്. ഇനി മുതൽ കൃത്യമായ സർവീസ് ലഭ്യമാകുമെന്ന് യാത്രക്കാർ പ്രതീക്ഷിക്കുന്നു.
എടത്വ കെഎസ്ആർടിസി ഡിപ്പോയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിപ്പിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.