ഒഴിപ്പിക്കൽ നടപടിയിൽ നിന്ന് ശിൽപ ഷെട്ടിക്കും ഭർത്താവിനും താൽക്കാലിക ആശ്വാസം

മുംബൈ : ഇഡി നോട്ടീസിനെതിരെയുള്ള അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെയുള്ള ‘ഒഴിപ്പിക്കൽ നടപടി’ വേണ്ടാ എന്ന് ബോംബെ ഹൈക്കോടതി. ബിറ്റ്കോയിൻ കുംഭകോണ കേസുകളിൽ താൽക്കാലികമായി കണ്ടുകെട്ടിയിട്ടുള്ള സ്വത്തുക്കളിലുള്ള ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ദമ്പതികൾ നൽകിയ അപ്പീലിൽ തീർപ്പാക്കുന്നതുവരെ നടപടി പാടില്ലാ എന്ന് ബോംബെ ഹൈക്കോടതി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോട് നിർദ്ദേശിച്ചു.
EDയുടെ കുടിയൊഴിപ്പിക്കൽ നേരിടുന്ന സ്വത്തുക്കളിൽ മുംബൈയിലെ ജുഹുവിലുള്ള ദമ്പതികളുടെ താമസസ്ഥലവും പൂനെയിലെ പാവ്ന അണക്കെട്ടിന് സമീപമുള്ള ഫാം ഹൗസും ഉൾപ്പെടുന്നു.കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള ട്രൈബ്യൂണലിൽ ഇവർ നോട്ടീസുകൾ സ്റ്റേ ചെയ്യുന്നതിനായി അപേക്ഷ സമർപ്പിച്ചത് തീർപ്പാക്കുന്നതുവരെ കുടിയൊഴിപ്പിക്കൽ നോട്ടീസ് പ്രാബല്യത്തിൽ വരില്ലെന്ന് ഇഡി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി തീരുമാനം .
ജുഹു പ്രദേശത്തെ തങ്ങളുടെ താമസ സ്ഥലവും പൂനെയിലെ പാവ്ന അണക്കെട്ടിന് സമീപമുള്ള ഫാം ഹൗസും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പിടിച്ചെടുക്കാനായി നൽകിയ ഒഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് നടി ശിൽപ ഷെട്ടിയും ഭർത്താവ് വ്യവസായി രാജ് കുന്ദ്രയും ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു തങ്ങളുടെ ഹർജികളിൽ വാദം കേൾക്കുന്നതുവരെ സെപ്റ്റംബർ 27ലെ നോട്ടീസ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിറ്റ്കോയിൻ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കുന്ദ്രയുടെ 90 കോടി രൂപ വിലമതിക്കുന്ന സ്ഥാവര ജംഗമ സ്വത്തുക്കൾ ഈ വർഷം ഏപ്രിലിൽ കേന്ദ്ര ഏജൻസി താൽകാലികമായി കണ്ടുകെട്ടിയിരുന്നു .2017 ൽ ക്രിപ്റ്റോകറൻസിയിൽ പ്രതിമാസം 10 ശതമാനം റിട്ടേൺ നൽകാമെന്ന തെറ്റായ വാഗ്ദാനങ്ങൾ നൽകി ബിറ്റ്കോയിനുകളുടെ രൂപത്തിൽ 6,600 കോടി രൂപ പ്രതികൾ ശേഖരിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം.