കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയ്ക്ക് ഇഡി നോട്ടീസ്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് ഇഡി . സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞാണ് നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
അതേസമയം സമൻസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് എംഎം വർഗീസ് പറയുന്നത്. കരുവന്നൂർ കേസിൽ നേരത്തെ മൂന്നു തവണ എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പാർട്ടിയുടെ അറിവോടുകൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയതയുമാണ് ഇഡിയുടെ കണ്ടെത്തൽ. എങ്ങനെയാണ് അക്കൗണ്ടുകളിൽ ഫണ്ടുകൾ എത്തിയതെന്നും ഈ അക്കൗണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.
കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇഡി നൽകിയിരുന്നു. അതിന് ശേഷമാണിപ്പോൾ കടുത്ത നടപടികളിലേക്ക് ഇഡി കടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് എംഎം വർഗീസിന്റെ ചോദ്യം ചെയ്യൽ. കേസിൽ കൂടുതൽ നേതാക്കൾക്ക് നോട്ടീസ് ലഭിച്ചേക്കുമെന്നാണ് ഇഡി വൃത്തത്തിൽ നിന്നുള്ള വിവരം.