ഇഡി തോന്ന്യവാസം കാണിക്കുന്നു: എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: കരുവന്നൂർ കേസിൽ സിപിഎമ്മിനെ പ്രതിചേർത്തത് പാർട്ടിക്ക് പങ്കുണ്ടെന്ന് വരുത്തി തീർക്കാനുള്ള ഇഡിയുടെ ശ്രമഫലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഡി തോന്ന്യവാസം കാണിക്കുകയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ഥലം വാങ്ങിയാല്‍ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക. ഇത് പുതിയ സംഭവമല്ല.അതിന്‍റെ പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതോ ഒരു ലോക്കല്‍ കമ്മറ്റി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന അക്കൗണ്ട് മരവിപ്പിക്കുന്നത് തികച്ചും തെറ്റായ നടപടിയാണ്. വേറെ ഒന്നും പറയാനില്ലെന്ന് വരുമ്പോള്‍ സിപിഎമ്മിനെ പഴിചാരി രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇഡി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന്‍റേതുൾപ്പെടെ 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. തൃശൂർ ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥയിലുളള സ്ഥലവും 60 ലക്ഷം രൂപയും ഇതിൽപ്പെടുന്നു. ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതിൽ അധികവും. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർടി കമ്മിറ്റിഓഫീസിനായുളള സ്ഥലവും കണ്ടുകെട്ടിയതിൽപ്പെടുന്നു. സിപിഎമ്മിന്‍റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന അറുപത് ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. പിന്നാലെയാണ് കേസിൽ സിപിഎമ്മിനെ പ്രതിചേർത്തത്