ഈ ചെല്ലാനിൽ തുകയില്ലെങ്കിൽ: കുറ്റം ഗുരുതരമായിരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനത്തിന് പിഴത്തുക രേഖപ്പെടുത്താതെ ഇ- ചെലാന്‍ ലഭിച്ചാല്‍ ആശ്വസിക്കേണ്ടെന്നും, കോടതി നടപടികളില്‍ കൂടി മാത്രം തീര്‍പ്പാക്കാന്‍ കഴിയുന്ന കുറ്റങ്ങള്‍ക്കാണ് അത്തരത്തില്‍ ചെലാന്‍ ലഭിക്കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പിഴത്തുക രേഖപ്പെടുത്താതെയോ, തുക പൂജ്യം എന്നു രേഖപ്പെടുത്തിയോ ഉള്ള ഇ- ചെലാന്‍ ലഭിച്ചവര്‍ നടപടികള്‍ അവസാനിച്ചു എന്നു കരുതുന്നത് പതിവായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് തന്നെ വ്യക്തത വരുത്തിയത്. ഗുരുതര കുറ്റങ്ങള്‍ ചെയ്തവര്‍ക്കാണ് പിഴത്തുക രേഖപ്പെടുത്താതെ ഇ- ചെലാന്‍ അയക്കുന്നത്. ഇത്തരം കുറ്റങ്ങള്‍ പിഴത്തുക അടച്ച് തീര്‍പ്പാക്കാന്‍ കഴിയില്ല. അത്തരം ചെലാന്‍ ലഭിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട ആര്‍ടിഒ എന്‍ഫോഴ്‌സ്മെന്‍റിനെ ബന്ധപ്പെടുകയോ, അല്ലെങ്കില്‍ കോടതി മുഖേനയുള്ള നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുകയോ ചെയ്യണം.

പ്രധാനമായും സീബ്രാ ക്രോസ് ലൈനുകള്‍ക്ക് മുകളില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ക്ക് ഇത്തരത്തില്‍ ഇ- ചെലാന്‍ ലഭിക്കാറുണ്ട്. ട്രാഫിക് സിഗ്നലുകളുള്ള ജംക്‌ഷനുകളില്‍ ചുവപ്പ് ലൈറ്റ് കത്തിയതിനു ശേഷം വാഹനങ്ങള്‍ സ്റ്റോപ്പ് ലൈനും (സീബ്രാ ലൈനുകള്‍ക്ക് മുന്‍പായി വാഹനങ്ങള്‍ നിര്‍ത്താന്‍ സൂചിപ്പിക്കുന്ന വരകള്‍) കടന്ന് സീബ്രാ ലൈനുകളുടെ മുകളില്‍ നിര്‍ത്തിയിടുന്നത് പതിവു കാഴ്ചയാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് അയക്കുന്ന ഇ- ചെല്ലാനുകള്‍ക്ക് കോടതി മുഖേനയേ തീര്‍പ്പാക്കാന്‍ കഴിയൂ.

അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുക, ലൈന്‍ ട്രാഫിക് പാലിക്കാതെ വാഹനം ഓടിക്കുക, ട്രാഫിക് സിഗനലുകളിലും റൗണ്ട് എബൗട്ടുകളിലും നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുക, അപകടരമായ രീതിയില്‍ ഓവര്‍ടേക്കിങ് ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കും ഈ രീതിയിലായിരിക്കും ശിക്ഷാ നടപടികള്‍ ഉണ്ടാവുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *