അനായാസം കിവീസ്, ബെംഗളൂരു ടെസ്റ്റിൽ എട്ടു വിക്കറ്റ് വിജയം; ഇന്ത്യയ്ക്കു നിരാശ
ബെംഗളൂരു∙ ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് എട്ടു വിക്കറ്റ് വിജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 27.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയറൺസ് കുറിക്കുകയായിരുന്നു. ന്യൂസീലൻഡ് ബാറ്റർമാരായ വില്‍ യങ് (76 പന്തിൽ 48), രചിൻ രവീന്ദ്ര (46 പന്തില്‍ 39) എന്നിവർ പുറത്താകാതെനിന്നു. സ്കോർ– ഇന്ത്യ 46, 462, ന്യൂസീലൻഡ് 402, രണ്ടിന് 110.രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുമ്രയെറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ തന്നെ ന്യൂസീലൻഡിന് ക്യാപ്റ്റൻ ടോം ലാഥമിനെ നഷ്ടമായെങ്കിലും, ടീം അനായാസം വിജയത്തിലെത്തുകയായിരുന്നു.
39 പന്തുകൾ നേരിട്ട ഡെവോൺ കോണ്‍വെ 17 റൺസെടുത്തു പുറത്തായി. രചിൻ രവീന്ദ്രയും വിൽ യങ്ങും നിലയുറപ്പിച്ചതോടെ അവസാന ദിനം ആദ്യ സെഷനിൽ തന്നെ കിവീസ് വിജയ റൺസ് കുറിച്ചു.രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിനു പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, നാലാം ദിനം 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. നാലാം വിക്കറ്റിൽ ഒന്നിച്ച സർഫറാസ് ഖാൻ–ഋഷഭ് പന്ത് കൂട്ടുകെട്ടായിരുന്നു നാലാം ദിനത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ ഹൈലൈറ്റ്. ടെസ്റ്റിൽ കന്നിസെഞ്ചറിയുമായി സർഫറാസ് തിളങ്ങിയപ്പോൾ ഒരു റൺ അകലെ ഋഷഭ് പന്തിന് സെഞ്ചറി നഷ്ടമായി.
നാലാം വിക്കറ്റിൽ സർഫറാസ് ഖാനും പന്തും ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. മൂന്നു സിക്സും 18 ഫോറും അടങ്ങുന്നതാണ് സർഫറാസിന്റെ ഇന്നിങ്സ്. പന്തിന്റെ ബാറ്റിൽനിന്ന് അഞ്ച് സിക്സും ഒൻപത് ഫോറും പിറന്നു.85–ാം ഓവറിൽ സർഫറാസിനെ പുറത്താക്കി ടിം സൗത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 89–ാം ഓവറിൽ പന്തും പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സിന്റെ ആയുസ്സ് നിശ്ചയിക്കപ്പെട്ടിരുന്നു. 29 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ ബാക്കി അഞ്ച് വിക്കറ്റുകളും നഷ്ടമായി.
കെ.എൽ.രാഹുൽ (16 പന്തിൽ 12), രവീന്ദ്ര ജഡേജ (15 പന്തിൽ 5), ആർ.അശ്വിൻ (24 പന്തിൽ 14), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കുൽദീപ് യാദവ് (20 പന്തിൽ 6*) പുറത്താകാതെ നിന്നു. മഴ മൂലം രണ്ടു മണിക്കൂറോളം മത്സരം വൈകിയതിനാൽ 24 ഓവറുകൾ ഇന്നു നഷ്ടമായിരുന്നു.ആദ്യ ഇന്നിങ്സിൽ ഡക്കും രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയും നേടുന്ന 22–ാം ഇന്ത്യൻ താരമാണ് സർഫറാസ് ഖാൻ. കഴിഞ്ഞ മാസം ബംഗ്ലദേശിനെതിരെ ശുഭ്മാൻ ഗില്ലാണ് ഒടുവിൽ ഇത്തരത്തിൽ സെഞ്ചറി നേടിയത്. യശസ്വി ജയ്സ്വാൾ (35), അർധ സെഞ്ചറി നേടിയ രോഹിത് ശർമ (52), വിരാട് കോലി (70) എന്നിവരും രണ്ടാം ഇന്നിങ്സിൽ തിളങ്ങി.