186ൽ നിൽക്കെ അനായാസ ക്യാച്ച് കൈവിട്ട് ബാബർ; ഇരട്ടസെഞ്ചറിയുമായി റൂട്ടിന്റെ മറുപടി, ഇംഗ്ലണ്ട് കുതിക്കുന്നു

മുൾട്ടാൻ ∙ ടെസ്റ്റ് ക്രിക്കറ്റിലെ വൻമരമായി പടർന്നു പന്തലിക്കുന്ന ഇംഗ്ലണ്ട് താരം ജോ റൂട്ടിന് പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇരട്ടസെഞ്ചറിത്തിളക്കം. പാക്ക് ഫീൽഡർമാരുടെ ‘കയ്യയച്ചുള്ള’ സഹായം കൂടിയായതോടെ, ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം ആദ്യ സെഷനിലാണ് റൂട്ട് ഇരട്ടസെഞ്ചറി പൂർത്തിയാക്കിയത്. 111 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 547 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. റൂട്ട് 202 റൺസോടെയും ബ്രൂക് 169 റൺസോടെയും ക്രീസിൽ. ഏഴു വിക്കറ്റ് കയ്യിലിരിക്കെ ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 556 റൺസിനേക്കാൾ 9 റൺസ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്.
305 പന്തിൽ 14 ഫോറുകളോടെയാണ് റൂട്ട് ഇരട്ടസെഞ്ചറിയിലെത്തിയത്. ഹാരി ബ്രൂക്ക് 204 പന്തിൽ 16 ഫോറും ഒരു സിക്സും സഹിതമാണ് 169 റൺസെടുത്തത്. പിരിയാത്ത നാലാം വിക്കറ്റിൽ റൂട്ട് – ബ്രൂക്ക് സഖ്യം ഇതുവരെ 298 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. വ്യക്തിഗത സ്കോർ 186ൽ നിൽക്കെ നസീം ഷായുടെ പന്തിൽ ജോ റൂട്ട് നൽകിയ സുവർണാവസരം സൂപ്പർതാരം ബാബർ അസം കൈവിട്ടിരുന്നു. മിഡ് വിക്കറ്റിൽ അനായാസം കയ്യിലൊതുക്കാമായിരുന്ന അവസരമാണ് ബാബർ കൈവിട്ടത്. തൊട്ടടുത്ത പന്തിൽ ബൗണ്ടറിയുമായി റൂട്ട് 190ലേക്കു കുതിക്കുകയും ചെയ്തു.
ടെസ്റ്റിൽ കൂടുതൽ റൺസ് നേടുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോർഡ് മൂന്നാം ദിനം തന്നെ റൂട്ട് സ്വന്തമാക്കി. വ്യക്തിഗത സ്കോർ 71ൽ എത്തിയപ്പോഴാണ് 12,472 റൺസ് നേടിയ കുക്കിന്റെ റെക്കോർഡ് റൂട്ട് മറികടന്നത്. ഇംഗ്ലണ്ട് നിരയിൽ ഓപ്പണർ സാക് ക്രൗളി (85 പന്തിൽ 78), ബെൻ ഡക്കറ്റ് (75 പന്തിൽ 84) എന്നിവരും അർധസെഞ്ചറി നേടി. നിരാശപ്പെടുത്തിയത് ഡക്കായ ക്യാപ്റ്റൻ ഒലി പോപ്പ് മാത്രം.ഇംഗ്ലണ്ടിനു നഷ്ടമായ മൂന്നു വിക്കറ്റുകൾ പാക്കിസ്ഥാൻ താരങ്ങളായ ഷഹീൻ അഫ്രീദി, നസീം ഷാ, ആമിർ ജമാൽ എന്നിവർ പങ്കിട്ടു. ഒന്നാം ഇന്നിങ്സിൽ ഓപ്പണർ അബ്ദുല്ല ഷഫീഖ് (102), ക്യാപ്റ്റൻ ഷാൻ മസൂദ് (151), ആഗ സൽമാൻ (104*) എന്നിവരുടെ സെഞ്ചറികളുടെ മികവിലാണ് പാക്കിസ്ഥാൻ 556 റൺസെടുത്തത്.