വയനാട്ടിൽ ഭൂമികുലുക്കമെന്ന് സംശയം
കല്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു.
എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ നേരത്തെ വിട്ടു. കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്.
‘നെന്മേനി വില്ലേജിലും അമ്പലവയല്‍ വില്ലേജിന്റെ ഭാഗങ്ങളിലും 10.20 ഓട് കൂടി ഒരു ശബ്ദമുണ്ടായതായും ചെറിയ വിറയലും ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. രണ്ട് സെക്കന്‍ഡോളം മാത്രമേ ജെര്‍ക്കിങ് ഉണ്ടായിട്ടുള്ളൂ. വീടുകളും കിണറുകളും പരിശോധിച്ചു. വീടുകളില്‍ വിള്ളലുകളോ കിണറുകളെ വെള്ളം കലങ്ങിയതായോ ഉണ്ടായിട്ടില്ല. കിലോമീറ്ററുകളോളം മേഖലയില്‍ ഇത് അനുഭവപ്പെട്ടിട്ടുണ്ട്’ നെന്മേനി വില്ലേജ് ഓഫീസര്‍ സജീന്ദ്രന്‍ പറഞ്ഞു.