ചെറുപ്രായത്തില്‍ വിവാഹം: ഭര്‍ത്താവില്‍ നിന്നും അതുല്യ നേരിട്ടത് ക്രൂര പീഡനം

0
ATHULYA

ഷാര്‍ജ: കൊല്ലം സ്വദേശിനി അതുല്യ (30) ഷാര്‍ജയിലെ ഫ്ലാറ്റില്‍ വച്ച് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പതിനേഴാം വയസില്‍ തന്നെ അതുല്യയുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും വിവാഹം കഴിഞ്ഞതു മുതല്‍ ഭര്‍ത്താവ് സതീഷില്‍ നിന്നും ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കസേര കൊണ്ട് അടിക്കുന്നതും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

Untitled 2

മരണത്തിന് തൊട്ടുമുൻപുള്ള ദിവസം അതുല്യ അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നാണ് അതുല്യയുടെ സഹോദരി വ്യക്തമാക്കുന്നത്. ഇതിൻ്റെ ദൃശ്യങ്ങള്‍ക്ക് അതുല്യ സഹോദരിക്ക് അയച്ചു നൽകിയിരുന്നു. ശരീരത്തിൽ മർദനമേറ്റതിൻ്റെ പാടുകളുമുണ്ട്. തൻ്റെ ജന്മദിനത്തിലാണ് അതുല്യ ജീവനൊടുക്കിയത്. തുടര്‍ച്ചയായി അതുല്യയെ ഉപദ്രവിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്‌ത ഭര്‍ത്താവ് സതീഷിന് മാനസിക വൈകൃതം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസം മുമ്പ് നാട്ടിലെത്തി തിരിച്ചുപോയിരുന്നു. സഫാരി മാളിലെ സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ഭര്‍ത്താവിൻ്റെ പീഡനം സഹിക്കവയ്യാതെ അതുല്യ ജീവനൊടുക്കിയത്. ദുബായിലെ അരോമ കോൺട്രാക്‌ടിങ് കമ്പനി ജീവനക്കാരനാണ് സതീഷ്. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

മദ്യപിച്ച് വീട്ടിലെത്തിയതിന് ശേഷം അതുല്യയെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. പത്ത് വയസുള്ള ഇവരുടെ മകള്‍ ആരാധ്യ നാട്ടിൽ പഠിക്കുകയാണ്. അതുല്യയുടെ സഹോദരി അഖില ഷാർജയില്‍ തന്നെയാണ് താമസിക്കുന്നത്. ഭര്‍ത്താവ് മര്‍ദിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ അതുല്യ ഇവര്‍ക്കായിരുന്നു അയച്ചിരുന്നത്. അതുല്യക്ക് സതീഷിനോട് വലിയ സ്‌നേഹമായിരുന്നുവെന്നും ബന്ധമൊഴിയാന്‍ വീട്ടുകാർ നിർബന്ധിച്ചിട്ടും തയാറായിരുന്നില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. പലപ്പോഴും മദ്യപിച്ച് വഴക്കുണ്ടാക്കുകയും ശേഷം മാപ്പ് പറഞ്ഞ് പ്രശ്‌നങ്ങള്‍ സതീഷ്‌ ഒതുക്കിതീര്‍ക്കലുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പതിനൊന്ന് വർഷം മുൻപായിരുന്നു അതുല്യയുടെയും സതീഷിൻ്റെയും വിവാഹം.

അതുല്യയുടെ അമ്മ പറയുന്നത് …

വിവാഹം കഴിഞ്ഞ അന്ന് മുതലേ മകളെ ഭർത്താവ് സതീഷ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് അതുല്യയുടെ അമ്മ തുളസിഭായി വെളിപ്പെടുത്തി. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ സതീഷ് അതുല്യക്ക് സ്വസ്ഥത നല്‍കിയിട്ടില്ല. മദ്യപിച്ചെത്തി സ്ഥിരം മര്‍ദിച്ചിരുന്നുവെന്നും സതീഷ് ഉപദ്രവിക്കുന്ന വീഡിയോ അതുല്യ അയച്ചു നല്‍കിയിരുന്നുവെന്നും അമ്മ പറയുന്നു. സ്വന്തം വീട്ടില്‍ മകള്‍ വരുന്നതിലും സതീഷ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തൻ്റെ സുഹൃത്തുക്കളോട് അതുല്യ സംസാരിച്ചിരുന്നത് അവന് ഇഷ്‌ടമായിരുന്നില്ല.

തിരികെ വീട്ടില്‍ എത്തിയാല്‍ ഇതിൻ്റെ പേരിലും സതീഷ് ഉപദ്രവിച്ചിരുന്നു. നോക്കാന്‍ പറ്റില്ലെങ്കില്‍ മകളെ തിരിച്ച് നല്‍കാന്‍ പറഞ്ഞതാണ്. പലതവണ ഇക്കാര്യം പറഞ്ഞുവെന്നും ബന്ധം ഒഴിയില്ലെന്നാണ് അവന്‍ പറഞ്ഞത്. അവള്‍ ഇട്ടിട്ടുപോയാല്‍ കൊല്ലുമെന്ന് പറഞ്ഞു. തൻ്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവളെ സതീഷ് കൊന്നതാണെന്നും അമ്മ പറഞ്ഞു.

മരണത്തിൽ ദുരൂഹത ഉണ്ടെന്നും ഭര്‍ത്താവിൻ്റെ പീഡനത്തെ തുടര്‍ന്നാണ് അതുല്യ ജീവനൊടുക്കിയതെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിക്ക് പിന്നാലെ ചവറ തെക്കുംഭാഗം പൊലീസ് എസ്ഐ എൻ. നിയാസിൻ്റെ നേതൃത്വത്തിലുള്ള സംഘം അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിൻ്റെ ഭാഗമായി അതുല്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *