കഴുകന്മാർക്കിട്ടില്ല, മൃതദേഹം ദഹിപ്പിച്ചു; രത്തൻ ടാറ്റയുടെ സംസ്കാരം പാഴ്സി ആചാരപ്രകാരം നടത്താതിരുന്നതെന്തുകൊണ്ട്?

0

ഇന്ത‌്യൻ വ്യവസായ രംഗത്ത് ഒരു യുഗത്തിന്റെ അവസാനമായിരുന്നു രത്തൻ ടാറ്റയുടെ വിയോഗം. ഇന്ത്യയുടെ വ്യവസായ രത്നം എന്നും ഇതിഹാസം എന്നും വിളിക്കപ്പെടുന്ന രത്തൻ ടാറ്റയുടെ സംസ്കാരച്ചടങ്ങ് വർളി ശ്മശാനത്തിലായിരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരം ആദ്യം വസതിയിലും പിന്നെ നരിമാൻ പോയിന്റിലെ നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിലും (എൻസിപിഎ) എത്തിച്ചു. പൊതുദർശനത്തിനു ശേഷം മറൈൻ ഡ്രൈവിലൂടെ വിലാപയാത്രയായി ഭൗതിക ശരീരം വർളി ശ്മശാനത്തിൽ എത്തിച്ച് പാഴ്സി ആചാരപ്രകാരമുള്ള പ്രാർഥനകൾ നടത്തി. പാഴ്സി പുരോഹിതർക്കൊപ്പം ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ, സിഖ് പുരോഹിതരും പ്രാർഥനയ്‌ക്കെത്തിയിരുന്നു.

പാഴ്സി വിഭാഗത്തിൽപെട്ട രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങുകൾ അവരുടെ പരമ്പാരാഗത ആചാരത്തിൽനിന്നു വ്യത്യസ്തമായി ദഹിപ്പിക്കുകയാണ് ചെയ്തത്. പാഴ്സി വിഭാഗക്കാരുടെ മൃതദേഹം സാധാണയായി ‘നിശബ്ദതയുടെ ഗോപുരം’ എന്നു വിളിക്കപ്പെടുന്ന കെട്ടിടത്തിൽ കഴുകൻമാർക്കു ഭക്ഷിക്കാനായി വിട്ടു നൽകുകയാണ് പതിവ്. പ്രകൃതിയെ മലിനമാക്കാതെ, മൃതശരീരം പ്രകൃതിയിലേക്കു മടക്കിയയയ്ക്കുക എന്ന വിശ്വാസമാണ് ഇതിനു പിന്നിൽ. എന്തുകൊണ്ടാണ് രത്തൻ ടാറ്റയുടെ സംസ്കാരത്തിന് പരമ്പരാഗത രീതി പിന്തുടരാതിരുന്നത്? എന്താണ് പാഴ്സി സമുദായത്തിന്റ ശവസംസ്കാര ആചാരങ്ങൾ?

∙ പാഴ്സി ആചാര പ്രകാരമുള്ള ചടങ്ങുകൾപാഴ്സി സമുദായത്തിലെ ശവസംസ്കാരത്തിന് നിരവധി ചടങ്ങുകളുണ്ട്. മരിച്ചയാളെ ബഹുമാനിക്കുകയാണ് ഈ ചടങ്ങുകളിലൂടെ ലക്ഷ്യമിടുന്നത്. മൂന്നു ഘട്ടങ്ങളാണ് ഇതിനുള്ളത്. വേർപിരിയൽ, ശുദ്ധീകരണം, വസ്ത്രം എന്നിവയ്ക്കാണ് സംസ്കാര ചടങ്ങിൽ പ്രാധാന്യം നൽകുന്നത്. ആത്മീയ അശുദ്ധി തടയാൻ മൃതദേഹം പ്രത്യേക മുറിയിൽ സൂക്ഷിക്കും പിന്നീട് ആചാര പ്രകാരം ശുദ്ധിക്രിയകൾ നടത്തി വെള്ളയിൽ പൊതിയും.

സഗ്ദിദ്, നവജ്യോത്, വെൻഡിഡാഡ്, യസ്ന എന്നീ ഘട്ടങ്ങളിലൂടെയാണ് ചടങ്ങുകൾ പുരോഗമിക്കുക.

സഗ്ദിദ് (കാണുക) – കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

നവജ്യോത് (ആരംഭം) – ആത്മാവിനെ ദിവ്യശക്തികളുമായി ബന്ധിപ്പിക്കാനായി പ്രാർഥനകൾ ചൊല്ലുന്നു.

വെൻഡിഡാഡ് (ശുദ്ധീകരണം) – ആത്മാവിനെ ശുദ്ധീകരിക്കാൻ ആചാരങ്ങൾ അനുഷ്ഠിക്കുന്നു.

യസ്ന (ആരാധന) – പാഴ്സികളുടെ പരമോന്നത ദേവതയായ അഹുറ മസ്ദയ്ക്ക് വഴിപാടുകൾ നടത്തുന്നു.

ഇത്രയും ഘട്ടത്തിലൂടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അതിനു ശേഷവും ചില ചടങ്ങുകൾ നടത്താറുണ്ട്. നാലു ദിവസവും നാൽപതു ദിവസവുമെല്ലാം പരേതാത്മാവിനായി ചടങ്ങുകൾ നടത്താറുണ്ട്.

∙ കഴുകൻമാരെ കാത്ത് ‘നിശബ്ദതയുടെ ഗോപുരത്തിൽ’ പാഴ്സി ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകളിൽ ‘നിശബ്ദതയുടെ ഗോപുരത്തിന്’ വളരെയധികം പ്രാധാന്യമാണുള്ളത്. പ്രകൃതിയിൽനിന്നു വരുന്ന മനുഷ്യൻ പ്രകൃതിയിലേക്കു തന്നെ തിരിച്ചു പോകുന്നു എന്നതാണ് പാഴ്സി വിശ്വാസം. ഇതുതന്നെയാണ് അവരുടെ സംസ്കാര ചടങ്ങുകളിൽ പ്രതിഫലിക്കുന്നതും. സൊരാസ്ട്രിയൻ സമൂഹം (പാഴ്സി) പ്രകൃതിദത്തമായ മൂലകങ്ങളെ പവിത്രമായി കണക്കാക്കുന്നു. അതിനാൽ മരിച്ചവരെ ദഹിപ്പിക്കുന്നത് അഗ്നിയെ അനാദരിക്കുകയോ അശുദ്ധമാക്കുകയോ ചെയ്യുമെന്നാണ് അവരുടെ വിശ്വാസം.

പാഴ്സികൾ ‘ദഖ്മ’ അല്ലെങ്കിൽ ‘നിശബ്ദതയുടെ ഗോപുരം’ എന്നറിയപ്പെടുന്ന കൂറ്റൻ കോട്ടയ്ക്കുള്ളിലാണ് മൃതദേഹം വയ്ക്കുക. ഇവിടെ കഴുകന്മാർ ശരീരം ഭക്ഷിക്കും. അവസാനം അസ്ഥികൾ ഗോപുരത്തിന്റെ മധ്യ ഭാഗത്തുള്ള കിണറ്റിലേക്ക് വീഴും. ‘ദോഖ്മെനാഷിനി’ എന്നാണ് ഈ സമ്പ്രദായം അറിയപ്പെടുന്നത്. അഗ്നി, ഭൂമി, ജലം എന്നിവയെ മലിനമാക്കാതെ ശരീരം പ്രകൃതിയിലേക്ക് തിരികെയെത്തിക്കുന്നുവെന്നതാണ് ഇതിന്റെ വ്യാഖ്യാനം. ഇന്ത്യയിൽ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പുണെ, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം ‘നിശബ്ദതയുടെ ഗോപുര’ങ്ങളുണ്ട്.

∙ കഴുകൻമാർ കുറയുന്നു, പാഴ്സി പാരമ്പര്യം മാറുന്നു ഈ സംസ്കാര സമ്പ്രദായത്തിന് അടുത്തകാലത്തായി മാറ്റം വന്നിട്ടുണ്ട്. പലരും ഇപ്പോൾ മൃതദേഹം സംസ്കരിക്കാറാണ് പതിവ്. 2022 ൽ, ടാറ്റയുടെ മുൻ ചെയർപഴ്സൻ സൈറസ് മിസ്ത്രിയുടെ മൃതദേഹവും വർളി ശ്മശാനത്തിൽ ദഹിപ്പിക്കുകയായിരുന്നു. കാലം മാറിയതോടെ ശവസംസ്കാര ചടങ്ങുകളിൽ വന്ന മാറ്റത്തോടൊപ്പം ഇന്ത്യയിൽ കഴുകൻമാരുടെ എണ്ണം കുറഞ്ഞതും ഇതിന് പിന്നിലെ കാരണങ്ങളിലൊന്ന്. നഗരവൽക്കരണത്തിനു പിന്നാലെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റം കാരണം ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറയുന്നെന്നാണ് റിപ്പോർട്ടുകൾ.

1990 കളുടെ പകുതി മുതൽ, ശവം തിന്നുന്ന പക്ഷികളുടെ എണ്ണം 99.9% വരെ കുറഞ്ഞു എന്നാണ് കണക്കുകൾ. കന്നുകാലികൾക്ക് വേദനയ്ക്കും വീക്കത്തിനും വ്യാപകമായി നൽകുന്ന ഡിക്ലോഫെനാക് എന്ന മരുന്നും കഴുകന്മാരുടെ എണ്ണം അതിവേഗം കുറയാൻ കാരണമായി.  ഡിക്ലോഫെനാക് മരുന്ന് കഴിച്ച കന്നുകാലികളുടെ മൃതദേഹം ഭക്ഷിച്ചത് പല കഴുകൻമാരുടെയും ജീവന് ഭീഷണിയായി. എന്നാൽ 2000 ത്തിൽ ഈ മരുന്നിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും കഴുകൻമാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ കാണപ്പെടുന്ന മൂന്ന് ഇനം കഴുകൻമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നാണ് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യൂഡബ്ല്യൂഎഫ്) പഠനം വ്യക്തമാക്കുന്നത്.

കഴുകൻമാരുടെ എണ്ണത്തിൽ 91 മുതൽ 98 ശതമാനം വരെ കുറവുണ്ടായെന്നാണ് കണക്കുകൾ. ചത്തൊടുങ്ങിയ മൃഗങ്ങളുടെയും മറ്റും ശരീരങ്ങൾ പ്രകൃതിയിൽനിന്നു നീക്കം ചെയ്യുന്നതിൽ കഴുകൻമാർ വലിയ പങ്കാണ് വഹിക്കുന്നത്. കഴുകൻമാർ ഇല്ലാതായാൽ, ചത്തുചീയുന്ന മൃഗശരീരങ്ങളിൽനിന്ന് സൂക്ഷ്മജീവികൾ അതിവേഗം പടരാമെന്നും ഇത് രോഗങ്ങൾക്ക് കാരണമാകാമെന്നും പഠനങ്ങൾ പറയുന്നു. കഴുകൻമാർ കുറഞ്ഞത് തെരുവുനായ ശല്യവും കൂട്ടി. പേവിഷബാധയ്ക്കുള്ള സാധ്യതയും ഇതു മൂലം വർധിച്ചു. ഇന്ത്യയിലെ കഴുകൻമാരിൽ വൈറ്റ് റംപ്ഡ് വൾചർ, ഇന്ത്യൻ വൾചർ, റെഡ് ഹെഡഡ് വൾചർ എന്നീ പക്ഷികളാണ് വംശനാശഭീഷണി കൂടുതൽ നേരിടുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *