സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നില്ല; ഇ.പി ഇടഞ്ഞു തന്നെ

0

 

തിരുവനന്തപുരം∙ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ഇ.പി.ജയരാജന്‍ പാര്‍ട്ടിയോട് ഇടഞ്ഞുതന്നെ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി പങ്കെടുക്കുന്നില്ല. നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമാണ് ജയരാജന്‍. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചത്. പിറ്റേന്നു നടന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി നാട്ടിലേക്കു മടങ്ങുകയായിരുന്നു.

ഇ.പിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഇ.പിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കുറച്ചുകാലമായി മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതെ ഇ.പി പ്രതിഷേധത്തിലായിരുന്നു. ആത്മകഥ എഴുതുമെന്നാണ് ഇ.പി.ജയരാജന്‍ അറിയിച്ചിരിക്കുന്നത്. ആത്മകഥ അവസാനഘട്ടത്തിലാണ്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും തുടര്‍സംഭവങ്ങളുമെല്ലാം ആത്മകഥയില്‍ തുറന്നെഴുതുമെന്നും ജയരാജന്‍ വ്യക്തമാക്കി.

പ്രകാശ് ജാവഡേക്കറുമായി ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദമാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകാന്‍ കാരണമായത്. കൂടിക്കാഴ്ച പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തല്‍. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം ഇ.പി സ്ഥിരീകരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇ.പിയുടെ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *