കാലുവെട്ടുമെന്നു DYFI നേതാവ് ഭീഷണിപ്പെടുത്തി,പാർട്ടിയിൽ നിന്ന് പരിരക്ഷ ലഭിച്ചില്ല : സിപിഎം കൗൺസിലർ കലാരാജു
എറണാകുളം : കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികൾ. നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അതിനിടെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്ന കലാ രാജു തിരിച്ചെത്തി.
സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്ന സിപിഎം, തങ്ങൾ 13 കൗൺസിലർമാരോടും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാർട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നും നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പ്രതികരിച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ കലാ രാജുവടക്കം എല്ലാവരും വീട്ടിൽ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്.
കുത്താട്ടുകുളം നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർക്കെതിരെ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയമാണ് ചർച്ചചെയ്യാൻ ഇരുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് കൗൺസിലർമാർക്ക് പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയെങ്കിലും സംഘർഷത്തിൽ കലാശിച്ചു.യുഡിഎഫിന് അനുകൂലമായാണ് കലാ രാജു വോട്ട് ചെയ്യാനിരുന്നത്. നഗരസഭ ചെയർപഴ്സന്റെ ഔദ്യോഗിക വാഹനത്തിൽ നിന്നാണ് കൗൺസിലറെ കടത്തിക്കൊണ്ടുപോയത്.
എൽ ഡി എഫ് ഭരണ സമിതിക്ക് എതിരെ ഇന്ന് അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ ഇരിക്കവെയാണ് രാവിലെ നാടകീയ രംഗങ്ങൾ ഉണ്ടായത്. പൊലീസ് നോക്കിനിൽക്കെ സിപിഎം കൗൺസിലർമാർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന് യു ഡി എഫ് ആരോപിച്ചിരുന്നു.
പിന്നീട് ആരോപണവുമായി കലാ രാജുവിൻ്റെ മക്കളും രംഗത്ത് വന്നിരുന്നു. ഇവരാണ് പൊലീസിൽ പരാതി നൽകിയത്. പാർട്ടി ഓഫീസിൽ നിന്ന് വൈകിട്ട് ഇറങ്ങിയ കലാ രാജു ആശുപത്രിയിൽ ചികിത്സ തേടി. ഇവർക്കൊപ്പം മറ്റ് സിപിഎം കൗൺസിലർമാരും ചികിത്സ തേടിയിട്ടുണ്ട്.
പാർട്ടിയെ ചതിക്കാൻ ശ്രമിച്ചിട്ടില്ല എന്നാൽ പാർട്ടിയിൽ നിന്ന് യാതൊരു പരിരക്ഷയും ലഭിച്ചില്ല എന്നും
ആശുപത്രിയിൽ പ്രവേശിപ്പിച്ച കലാരാജു മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിപ്പെടുത്തിയാണ് തട്ടികൊണ്ടുപോയത്.ഒരു സ്ത്രീയെന്ന യാതൊരു പരിഗണയും ലഭിക്കാതെയുള്ള പെരുമാറ്റമായിരുന്നു സിപിഎം നേതാക്കളിൽ നിന്ന് ഉണ്ടായത് .വസ്ത്രങ്ങൾ വലിച്ചു കീറി .കഴുത്തിനു കുത്തിപിടിച്ചു ഭീഷണിപ്പെടുത്തി.വണ്ടിയിലേക്ക് വലിച്ചിഴച്ചു.കാലുവെട്ടുമെന്നു ഒരു DYFI നേതാവ് ഭീഷണിപ്പെടുത്തി.പൊതുജനമധ്യത്തിൽ അപമാനിച്ചു. പോലീസിനെതിരെയും വലിയ ആരോപണങ്ങൾ കലാ രാജു ഉന്നയിച്ചു.