ഡച്ച് ഫുട്ബോളർ യൊഹാൻ നീസ്കെൻസ് അന്തരിച്ചു; 1974, 1978 ലോകകപ്പ് ഫൈനലുകൾ കളിച്ച താരം
ആംസ്റ്റർഡാം ∙ 1974 ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനായി ഗോൾ നേടിയ യൊഹാൻ നീസ്കെൻസ് അന്തരിച്ചു. എഴുപത്തിമൂന്നുകാരനായ നീസ്കെൻസിന്റെ മരണവിവരം ഡച്ച് ഫുട്ബോൾ അസോസിയേഷനാണ് പുറത്തു വിട്ടത്. അസോസിയേഷന്റെ വേൾഡ് കോച്ച് പ്രോജക്ടിന്റെ അംബാസഡറായി അൽജീരിയയിൽ പ്രവർത്തിച്ചു വരികയായിരുന്നു.1974, 1978 ലോകകപ്പ് ഫൈനലുകളിലെത്തി പരാജയപ്പെട്ട നെതർലൻഡ്സ് ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു നീസ്കെൻസ്.
1974 ലോകകപ്പിൽ പശ്ചിമ ജർമനിക്കെതിരെ 2–ാം മിനിറ്റിൽ തന്നെ പെനൽറ്റി ഗോളിലൂടെ നെതർലൻഡ്സിനെ മുന്നിലെത്തിച്ചത് മിഡ്ഫീൽഡറായ നീസ്കെൻസായിരുന്നു. എന്നാൽ പിന്നീട് 2 ഗോൾ തിരിച്ചടിച്ച് ജർമനി വിജയവും ലോകകപ്പും നേടി. 1978 ലോകകപ്പിൽ ആതിഥേയരായ അർജന്റീനയ്ക്കെതിരെയായിരുന്നു നെതർലൻഡ്സിന്റെ തോൽവി.നെതർലൻഡ്സിനായി 49 മത്സരങ്ങൾ കളിച്ച നീസ്കെൻസ് 17 ഗോളുകൾ നേടി. ഇതിഹാസതാരം യൊഹാൻ ക്രൈഫിനൊപ്പം രാജ്യത്തിനു പുറമേ അയാക്സ് ആംസ്റ്റർഡാം, ബാർസിലോന ക്ലബ്ബുകൾക്കു വേണ്ടിയും കളിച്ചു. വിരമിച്ചതിനു ശേഷം പരിശീലകനായി.