വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

കരുനാഗപ്പള്ളി: വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഇന്ത്യൻ പൗരൻ ആണെന്ന് സ്ഥാപിക്കാനുള്ള വ്യാജ ആധാർ കാർഡ് നിർമ്മിച്ച് അനധികൃതമായി കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിലെ ഫ്‌ളോർ മില്ലിൽ ജോലി ചെയ്യ്തുവന്ന ബംഗ്ലാദേശ് പൗരനായ മുഹമ്മദ് അൽ അമീൻ ഇസ്ലാം(25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും അസ്സാം സ്വദേശിയാണെന്ന് കാണിക്കുന്ന വ്യാജ ആധാർ കാർഡും പോലീസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പാസ്‌പോർട്ടോ മറ്റ് മതിയായ രേഖകളോ ഇല്ലാതെ അനധികൃതമായാണ് ഇയാൾ ഇവിടെ താമസിച്ചുവന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞു. ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. കരുനാഗപ്പള്ളി എ.എസ്.പി യുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഓ ബിജു വി , എസ്.ഐ കുരുവിള, എസ്.സി.പി.ഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്