മുംബൈയിൽ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ഒരു പാർക്ക്
കാന്തിവ്ലി : മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് മാത്രമായുള്ള മുംബൈയിലെ ആദ്യപാർക്ക് – ദിവ്യാംഗ് ഉദ്യാനം – കാന്തിവ്ലിയിൽ എംഎൽഎ അതുൽ ഭട്ഖൽക്കർ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആവശ്യങ്ങൾക്കായി സ്പർശനത്തെയും മണത്തേയും അടിസ്ഥാനമാക്കിയുള്ള സെൻസറി ഗെയിമുകൾ, സംഗീത തെറാപ്പി, നൃത്ത തെറാപ്പി,പ്രത്യേക പൂന്തോട്ടം തുടങ്ങിയ സംവിധാനങ്ങൾ കാന്തിവ്ലി അശോക്നഗറിലുള്ള ഈ പാർക്കിൽ ഒരുക്കിയിട്ടുണ്ട് .
ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും വലുതുമായ ദിവ്യാംഗ് പാർക്ക് (അനുഭൂതി പാർക്ക് )സ്ഥാപിച്ചതും മഹാരാഷ്ട്രയിലാണ്.21 തരത്തിലുള്ള ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് 90,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇതിൻ്റെ നിർമ്മാണം. കേന്ദ്രസർക്കാരിൻ്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ഏകദേശം 12 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
സെലിബ്രൽ പാൾസി, ഓട്ടിസം തുടങ്ങിയ ഗുരുതരമായ അവസ്ഥകളുള്ള കുട്ടികൾക്ക് വേണ്ടിയാണ് കാന്തിവ്ലിയിലെ ദിവ്യാംഗ് ഉദ്യാനം. മറ്റുള്ളവർക്ക് പ്രവേശനമില്ല .