മദ്യലഹരിയിൽ വിദ്യാർ‌ഥി ഓടിച്ച കാർ ഇടിച്ച് സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാനെ ദാരുണാന്ത്യം

0

ഹൈദരാബാദ്: മദ്യലഹരിയിൽ വിദ്യാർ‌ഥി ഓടിച്ച കാർ ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ ഭാഷ ​ഗോപി(38) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഹൈദരാബാദിലെ ​ഗാജുലരാമരത്താണ് സംഭവം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യുവാവ് ഓടിച്ചിരുന്ന എസ്.യു.വി വാഹനം അമിതവേ​ഗത്തിലെത്തി ഭാഷ ​ഗോപിയെ ഇടിച്ചുതെറിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ശേഷം സമീപത്തെ വൈദ്യുത തൂണിലും മതിലിലും ഇടിച്ചാണ് വാഹനം നിന്നത്.

അപകടത്തിന് ശേഷം, അഞ്ച് യുവാക്കൾ വാഹനത്തിൽനിന്ന് പുറത്തിറങ്ങി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ നടന്നുപോകുന്നതും വീഡിയോയിൽ കാണാം. ഇവരിൽ ഒരാൾ അപകടത്തിൽ തെറിച്ചുവീണ് കിടക്കുന്നയാളെ കണ്ടെങ്കിലും നിസ്സം​ഗതയോടെ മതിൽ ചാടി പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിന്റെ മറുവശത്തേക്ക് വീണുപോയ വ്യക്തിയെ രക്ഷിക്കാനുള്ള ഒരു ശ്രമവും ഇവരുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിരുന്നില്ല.

ഇടിയുടെ ആഘാതത്തിൽ മതിലിനപ്പുറം ഏകദേശം പത്ത് അടിയോളം മാറിയായിരുന്നു മൃതദേഹമുണ്ടായിരുന്നത്. അവിടെ ഒരു മൃതദേഹമുണ്ടെന്ന് അപകടസമയത്ത് റോഡിൽ തടിച്ചുകൂടിയവർ പോലും അറിഞ്ഞില്ല. പോലീസെത്തി അന്വേഷണം ആരംഭിച്ചതോടെയാണ് ഭാഷ ​ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ, കാറോടിച്ചിരുന്ന മനീഷിനെ(20) പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ മറ്റ് അഞ്ചുപേരും സ്ഥലംവിട്ടെങ്കിലും ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ഇയാളെ നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് മനീഷ്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *