പോലിസുകാരനെതിരെ പരാതി; പണം നൽകാതെ ഓടാൻ ശ്രമം, അതിനുപുറമെ അസഭ്യം പറച്ചിലും കയ്യേറ്റം ചെയ്യലും വേറെ
കൊച്ചി ∙ മദ്യലഹരിയില്‍ ബവ്റിജസ് കോർപറേഷനിലെ ഔട്ട്‍ലെറ്റിൽ പൊലീസുകാരന്റെ പരാക്രമം. പണം നൽകാതെ മദ്യക്കുപ്പിയുമായി ഓടാൻ ശ്രമിച്ചതിനു പുറമെ ജീവനക്കാരിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ജീവനക്കാർ പൊലീസിൽ പരാതി നൽകി.
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിനടുത്ത് പട്ടിമറ്റത്തുള്ള ബവ്റിജസ് ഔട്ട്‍ലെറ്റിൽ ഇന്നലെ രാവിലെയാണ് സംഭവം. പട്ടിമറ്റം പറക്കോടുകര കാച്ചുരുത്തി വീട്ടിൽ കെ.കെ.ഗോപിയാണ് മദ്യക്കടയിലെത്തി പരാക്രമം കാട്ടിയത്. പൊലീസിൽ ഡ്രൈവറാണ് ഹെഡ് കോൺസ്റ്റബിളായ കെ.കെ.ഗോപി. രാവിലെ 10.45ന് ഔട്ട്‍ലെറ്റിലെത്തിയ ഗോപി പണമടയ്ക്കുന്ന കൗണ്ടറിനരികിലെത്തി ജീവനക്കാരിയോട് തർക്കിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇവരെ അസഭ്യം പറഞ്ഞതിനു ശേഷം കുപ്പിയുമായി ഗോപി പുറത്തേക്ക് ഓടുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. ഔട്ട്‍ലെറ്റിന്റെ മേൽനോട്ട ചുമതലയുള്ള തന്നോട് മോശമായി പെരുമാറിയെന്ന് പൊലീസിനു നൽകിയ പരാതിയിൽ ജീവനക്കാരി പറയുന്നു.
പുറത്തേക്ക് ഓടിയ ഗോപിയെ വാതിൽക്കൽ നിന്ന മറ്റൊരു ജീവനക്കാരിയും മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരും ചേർന്ന് പിടിച്ചു നിർത്തി. ഇതിനിടെ ഉന്തിലും തള്ളിലും വാതിലും പൊളിഞ്ഞു വീണു. ഗോപി വീണ്ടും കടയ്ക്കുള്ളിൽ കയറി ജീവനക്കാരെ അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ജീവനക്കാരെ മര്‍ദിച്ചതിന് ബവ്റിജസ് കോർപറേഷനും പൊലീസിനെ സമീപിച്ചേക്കും.