മദ്യപിച്ച് തർക്കം ; യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊന്നു

പാലക്കാട് :മുണ്ടൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മണികണ്ഠൻ എന്ന യുവാവ് കൊല്ലപ്പെട്ടു. അയൽവാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠനാണ് കൊല്ലപ്പെട്ടത്. രാത്രി മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കൊലപാതകം നടത്തിയ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.മുണ്ടൂരിലെ കുമ്മംകോട് എന്ന പ്രദേശത്തെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട മണികണ്ഠൻ. ഭാര്യ പിണങ്ങിപ്പോയ അദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തൊട്ടടുത്ത താമസിക്കുന്ന വിനോദും സഹോദരനും ഇടയ്ക്ക് മണികണ്ഠനെ മദ്യപിക്കാൻ ക്ഷണിക്കാറുണ്ടായിരുന്നു. പതിവുപോലെ ഇന്നലെ രാത്രി ഒരുമിച്ചുള്ള മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.രാവിലെ മണികണ്ഠൻ മരിച്ചുകിടക്കുന്നത് ഇതുവഴി പോകുമ്പോൾ ഒരു അയൽവാസി കാണുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഇരുവരും സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ചേർന്നാണ് പ്രതിയായ വിനോദിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. വിനോദിന്റെ സഹോദരൻ ഒളിവിലാണ്. വിനോദിന്റെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.