അച്ചാർകുപ്പിയിൽ മയക്കുമരുന്ന് : ദുരൂഹത തുടരുന്നു

കണ്ണൂർ :അച്ചാർകുപ്പിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് സൗദി അറേബ്യയിലേക്ക് കൊടുത്തയച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് തിരിച്ചുപോകുന്ന കണയന്നൂർ സ്വദേശി മിഥിലാജ് വശം കൊടുത്തയക്കാനേൽപ്പിച്ച അച്ചാറിന്റെ കുപ്പിയിലാണ് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്ല് പോലീസ് അറസ്റ്റ്‌ചെയ്ത കുളംബസാറിലെ പി. ജിസിൻ (21), കെ.പി. അർഷദ് (34), ചക്കരക്കല്ലിലെ കെ.കെ. ശ്രീലാൽ (24) എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. 0.26 ഗ്രാം എംഡിഎംഎയും 3.04 ഗ്രാം ഹാഷിഷ് ഓയിലുമാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി അച്ചാറിനൊപ്പം കുപ്പിയിൽ ഒളിപ്പിച്ചത്.പ്രതികൾക്ക് ജാമ്യം ലഭിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് ചക്കരക്കല്ല് പോലീസ് ഇൻസ്പെക്ടർ എം.പി. ഷാജി പറഞ്ഞു.
അറസ്റ്റിലായ അർഷദ് മറ്റൊരു ലഹരിക്കേസിൽ പ്രതിയാണ്. മയക്കുമരുന്ന് എവിടെനിന്നാണ് കിട്ടിയതെന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. ഇതിന് പിന്നിലുള്ള സംഘത്തെക്കുറിച്ചുള്ള വിവരവും പുറത്തുവരേണ്ടതുണ്ടെന്ന് ഇൻസ്പെക്ടർ പറഞ്ഞു.സംഭവത്തെക്കുറിച്ച് പല സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. മിഥിലാജിനെ ചതിയിൽപ്പെടുത്താനാണ് മയക്കുമരുന്ന് അച്ചാർകുപ്പിയിലൊളിപ്പിച്ചതെന്നാണ് ഒരു സംശയം. മയക്കുമരുന്നുകേസുകളിലും മറ്റും കടുത്ത ശിക്ഷയുള്ള സൗദി അറേബ്യയിൽ എത്തിയശേഷം മിഥിലാജ് പിടിക്കപ്പെട്ടിരുന്നെങ്കിൽ ജയിലിലാകുമായിരുന്നു. മിഥിലാജിനൊപ്പം ജോലി ചെയ്യുന്ന വഹീമിന് നൽകാനാണ് അച്ചാർ അടങ്ങിയ പൊതിയേൽപ്പിച്ചത്. ഇയാൾക്ക് ഉപയോഗിക്കാൻ തന്നെയാണ് ഇത് കടത്താൻ ശ്രമിച്ചതെന്നും സംശയമുണ്ട്. കേരളത്തിൽനിന്ന് പിടിക്കപ്പെട്ടാലും അളവ് കുറവായതിനാൽ ജാമ്യം കിട്ടും. അതിനാണ് ചെറിയ അളവിൽ കൊടുത്തുവിടാൻ തീരുമാനിച്ചതെന്നാണ് നിഗമനം. മുൻപും അച്ചാർകുപ്പിയിൽ ലഹരിവസ്തുക്കൾ ഇതുപോലെ കടത്തിയതായി സംശയമുണ്ട്.സൗദി അറേബ്യയിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏല്പിച്ച അച്ചാറിൽ മയക്കുമരുന്ന് കണ്ടെത്താനായത് വീട്ടിൽനിന്ന് പരിശോധിക്കാൻ തോന്നിയത് കൊണ്ടുമാത്രമാണെന്ന് മിഥിലാജിന്റെ പിതാവ് ടി. അഹമ്മദ് പറഞ്ഞു.‘‘ആ സമയത്ത് കാണിച്ച ജാഗ്രതയാണ് മകനെ രക്ഷിച്ചത്. വെള്ളിയാഴ്ച അതിരാവിലെ സൗദിയിലേക്ക് പുറപ്പെടാനിരുന്ന മിഥിലാജിന് കൊണ്ടുപോകാനുള്ള സാധനങ്ങൾ പാക്ക് ചെയ്ത് കൊണ്ടിരിക്കെയാണ് ബുധനാഴ്ച രാത്രി എട്ടരയോടെ സമീപത്തെ രണ്ടുപേർ വീട്ടിലെത്തി പാഴ്‌സൽ ഏല്പിച്ചത്. സൗദിയിൽ മിഥിലാജിന്റെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന് നൽകണമെന്ന് പറഞ്ഞാണ് നൽകിയത്.’’‘‘ചിപ്‌സ്, മസാലക്കടല, അതിനൊപ്പം ഒരുകിലോ അച്ചാർ എന്നിവയാണ് ഏല്പിച്ചത്. പാഴ്‌സൽ തുറന്ന് അച്ചാർകുപ്പി പരിശോധിച്ചു. അപ്പോഴാണ് സീൽ പൊട്ടിച്ചതായി കണ്ടത്. അതിനുള്ളിൽ കറുത്ത നിറത്തിൽ ഒരു വസ്തുവും കണ്ടു. ഇതോടെ അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് എംഡിഎംഎ പാക്കറ്റും ഹാഷിഷ് ഓയിൽ നിറച്ച കുഞ്ഞുകുപ്പിയും കിട്ടിയത്. പലരും വീട്ടിൽ എത്തിച്ചുതരുന്ന പാഴ്‌സൽ തുറന്ന് നോക്കാറില്ല. ഒരു വിശ്വാസത്തിലാണ് ഇതൊക്കെ ചെയ്യുന്നത്.
മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിൽ നിയമങ്ങളും ശിക്ഷയും കർശനമാണ്.’’ അവിടെവെച്ച് മകൻ പിടിക്കപ്പെടുന്ന കാര്യം അഹമ്മദിന് ആലോചിക്കാൻ വയ്യ.ഗൾഫിലേക്ക് കൊടുത്തയക്കുന്ന പാഴ്‌സൽ ആരു കൊണ്ടുവന്നാലും പരിശോധിക്കുന്ന അഹമ്മദിന്റെ ശീലമാണ് മകനെ രക്ഷിച്ചത്. വിശ്വാസത്തിന്റെ പുറത്തും മറ്റും ഇങ്ങനെ പരിശോധിക്കാതെ കൊണ്ടുപോകുകയാണ് ഭൂരിഭാഗം പേരും ചെയ്യാറുള്ളത്. ഇത് മുതലെടുത്ത് മയക്കുമരുന്ന് കടത്തുന്ന പ്രവണത നേരത്തെതന്നെയുണ്ട്.2019-ൽ കാസർകോട് ബദിയഡുക്കയിൽനിന്ന് ഖത്തറിലേക്ക് പോവുകയായിരുന്ന യുവാവിന്റെ കൈയിൽ ഡയറിയിൽ ഒളിപ്പിച്ച് ബ്രൗൺഷുഗർ കൊടുത്തുവിടാൻ ശ്രമിച്ചതും വീട്ടുകാരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘവുമായി ബന്ധമുള്ള യുവാവിനെ ഖത്തറിൽനിന്ന് പ്രവാസികൾ പിടിച്ചിരുന്നു.