ലഹരി വില്‍പന പൊലീസിനെ അറിയിച്ചു: പ്രാദേശിക നേതാവിന് മര്‍ദനം

കോഴിക്കോട് : കാരന്തൂരിന് സമീപം ഒളായിതാഴത്ത് സിപിഐഎം പ്രാദേശിക നേതാവിന് ലഹരി സംഘത്തിന്റെ മര്‍ദനം. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ഏറങ്ങാട്ട് വീട്ടില്‍ സദാനന്ദനാണ് മര്‍ദനമേറ്റത്. വീട് കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന പൊലീസിനെ അറിയിച്ചതിനാണ് മര്‍ദനം.ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് ഒരു വീട് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നത് പ്രദേശവാസികൂടിയായ സദാനന്ദന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അതില്‍ പ്രകോപിതരായ സംഘം മര്‍ദിക്കുകയും വീട് ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പുറത്ത് വന്നു.
ഈ വീട് ലഹരികേന്ദ്രമാണെന്ന് നാട്ടുകാര്‍ക്കൊക്കെയറിയാമെന്നും എന്നാല്‍ പൊലീസില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നും സദാനന്ദന്‍ പറയുന്നു. പൊലീസ് എത്തി വീട് റെയ്ഡ് ചെയ്തത് താന്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞുകൊണ്ടാണ് തന്നെ വഴിയില്‍ തടഞ്ഞ് അക്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് തന്നെ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയോടെ ഈ വീട്ടിലെ ആളുകള്‍ വീട്ടിലേക്ക് കയറി വന്ന് ആക്രമിക്കുകയായിരുന്നു – അദ്ദേഹം പറഞ്ഞു.