ജയിലിനകത്തും പുറത്തും ലഹരിവ്യാപാരം: കൊടി സുനിയെ ജയിൽ മാറ്റുന്നു

കണ്ണൂർ: ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുവെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ ജയിൽ മാറ്റാൻ തീരുമാനം. കൊടി സുനി, കിർമാണി മനോജ്, ബ്രിട്ടോ എന്നിവർ ലഹരി സംഘങ്ങളെ നിയന്ത്രിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്കാണ് കൊടി സുനിയെ മാറ്റുക. ദിവസങ്ങൾക്ക് മുമ്പ് കൊടി സുനി മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ പൊലീസുകാരെ സസ്പെൻ്റ് ചെയ്തതല്ലാതെ മറ്റു നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല
അതേസമയം, കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തിൽ കേസെടുക്കാത്ത പൊലീസ് നടപടിയെ ന്യായീകരിച്ചായിരുന്നു സിപിഎം നേതൃത്വത്തിൻ്റെ പ്രതികരണം. വീഴ്ച്ചയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്ന് സ്പീക്കർ എഎൻ ഷംസീറും പി ജയരാജനും പ്രതികരിച്ചു.
പരോൾ ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ടിപി വധക്കേസ് പ്രതികൾക്കെതിരെ കേസെടുക്കാത്തതെന്ന് എംഎൽഎ കെകെ രമ ആരോപിച്ചു.
തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നായിരുന്നു കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയംഗമായ പി ജയരാജന്‍റെ പ്രതികരണം. എന്നാല്‍, വടിയെടുത്തത് പൊലീസിനെതിരെ മാത്രമാണ്. കൊടി സുനിക്കെതിരെ കേസെടുക്കുന്നതിൽ പി ജയരാജന് മൗനമാണ്.
പോലീസ് സേനക്കാകെ നാണക്കേടായ സംഭവം പുറത്ത് വന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് തലശ്ശേരി എഎസ്പിയും സംഘവും സ്വീകരിച്ചത്. തലശേരിയിൽ വെച്ചുണ്ടായ സംഭവത്തിൽ അത് സർക്കാർ നടപടി എടുത്തല്ലോ എന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എഎൻ ഷംസീറിന്റെ പ്രതികരണം.
കഴിഞ്ഞ ജൂണ്‍ പതിനേഴാം തീയതിയാണ് സംഭവം. എന്നാൽ ഈ വിവാദങ്ങൾക്കിടയിലും ടിപി വധക്കേസിലെ മുഖ്യപ്രതികളിരൊളായ ടികെ രജീഷിന് പരോൾ അനുവദിച്ചു. പി ജയരാജനടക്കം സിപിഎം നേതാക്കൾ ഉപദേശക സമിതിയായ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ടികെ രജീഷിനും പരോൾ എന്നതാണ് വസ്തുത