സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം പ്രതി പിടിയിൽ
കൊല്ലം : കരുനാഗപ്പള്ളിയിൽ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം പ്രതി പിടിയിൽ. കരുനാഗപ്പള്ളി കോഴിക്കോട് എസ് വി മാർക്കറ്റിൽ സനു ഭവനത്തിൽ കുഞ്ഞുമോൻ മകൻ സനു 31 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതിക്ക് ഭാര്യ വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങളും സ്ത്രീധനവും കുറഞ്ഞു പോയെന്നും കൂടുതൽ ആവശ്യപ്പെട്ടുകൊണ്ട് ഭാര്യയായ ശ്രീക്കുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാസം പതിനഞ്ചാം തീയതി ഭാര്യ ശ്രീക്കുട്ടിയും മകനും ടെസ്റ്റിന് പോകാൻ നേരം സനു അസഭ്യം വിളിച്ചുകൊണ്ട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട് സഹിക്കാൻ വയ്യാതെ തടയാൻ ശ്രമിച്ച ശ്രീക്കുട്ടിയുടെ അമ്മയെ കടന്നു പിടിക്കുകയും പ്രതിയുടെ നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അതിനുശേഷം പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള യമഹ ഫാസിനോ സ്കൂട്ടർ പ്രതി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സനുവിന്റെ ഭാര്യ ശ്രീക്കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് കേസ് എടുത്തു അന്വേഷണം നടത്തവേ ഈ വിവരം അറിഞ്ഞ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ രഹസ്യമായി നിരീക്ഷിച്ചിരുന്ന കരുനാഗപ്പള്ളി പോലീസ് ഇന്നലെ രാത്രിയോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ’ അനൂപിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷമീർ, ആഷിഖ്, എ എസ് ഐ സനീഷ കുമാരി എസ് സി പി ഓ ഹാഷിം, ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
