“കുടിവെള്ള ക്ഷാമം രൂക്ഷമായതിനു കാരണം ആദിത്യ താക്കറെ ” -ആശിഷ് ഷെലാർ
മുംബൈ : മുംബൈയിൽ ജലക്ഷാമം രൂക്ഷമായതിനു കാരണം ആദിത്യതാക്കറെയും ശിവസേന ഉദ്ധവ് താക്കറെ സംഘവുമാണെന്ന് ബിജെപി മുംബൈ പ്രസിഡന്റ് ആശിഷ് ഷെലാർ . താക്കറെ ഗർഗായ് അണക്കെട്ട് പദ്ധതി റദ്ദാക്കുകയും കടൽജലം ശുദ്ധീകരിക്കൽ നിർബന്ധപൂർവ്വം നടപ്പാക്കുകയും ചെയ്‌തു . എന്നാൽ ആ പദ്ധതിയും പൂർത്തീകരിച്ചില്ല, ഷെലാർ ആരോപിച്ചു.
മുംബൈയുടെ പല ഭാഗങ്ങളിലും വളരെ താഴ്ന്ന മർദ്ദത്തിലാണ് വെള്ളം ലഭിക്കുന്നത്, ചില പ്രദേശങ്ങളിൽ ജലവിതരണം ലഭിക്കുന്നില്ല.
“ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ 10 വർഷമായി പുതിയ അണക്കെട്ടുകളൊന്നും നിർമ്മിക്കുകയോ ബദൽ ജലസംവിധാനങ്ങൾ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. നഗരത്തിലെ ജലക്ഷാമം പൂർണമായും ആദിത്യ താക്കറെയുടെയും യുബിടി സേനയുടെയും തെറ്റാണ്,” മുംബൈ ബിജെപി അധ്യക്ഷൻ ഷെലാർ ആരോപിച്ചു.
മുംബൈയിലെ ജലവിതരണ സംവിധാനത്തെക്കുറിച്ച് പഠിക്കാനും ഒരു കർമ്മ പദ്ധതി തയ്യാറാക്കാനും 1990 കളിൽ ബിഎംസി ഡോ മാധവറാവു ചിതാലെ കമ്മിറ്റിയെ നിയോഗിച്ചതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷെലാർ അറിയിച്ചു. ബിഎംസിക്ക് വേണ്ടി ഗർഗായ്, പിഞ്ചൽ, മിഡിൽ വൈതർണ എന്നീ മൂന്ന് അണക്കെട്ടുകൾക്കായി കമ്മിറ്റി ഒരു കർമ്മ പദ്ധതി തയ്യാറാക്കിയിരുന്നു. 2014-ൽ ബിഎംസി മിഡിൽ വൈതർണ പദ്ധതി പൂർത്തിയാക്കിയെങ്കിലും അതിനുശേഷം ഒരു അണക്കെട്ട് പദ്ധതിപോലും നഗരസഭ ഏറ്റെടുത്തിട്ടില്ല.
“ആദിത്യ താക്കറെയും അദ്ദേഹത്തിൻ്റെ യുബിടി സേനയും സൃഷ്ടിച്ച അരാജകത്വത്തിൻ്റെ അനന്തരഫലങ്ങൾ ഇന്ന് മുംബൈക്കാർ അഭിമുഖീകരിക്കുന്നു. ജല ക്ഷാമം ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. ബിഎംസിയുടെ കണക്കനുസരിച്ച്, മുംബൈയിൽ ഏകദേശം 34 ശതമാനം വെള്ളം ചോർച്ചയുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകിയിട്ടുണ്ട്, എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല, ”അദ്ദേഹം പറഞ്ഞു.