ഡോ.മന്‍മോഹന്‍ സിംഗ് ഇനി ദീപ്‌ത സ്‌മരണ
ന്യുഡൽഹി:ഇന്ത്യയുടെ പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനും സിഖ് മതസ്ഥനായ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ഡോ.മന്‍മോഹന്‍ സിംഗ്ഇനി ദീപ്തമായ ഓര്‍മ. സംസ്‌കാരകർമ്മങ്ങൾ യമുന തീരത്തെ നിഗംബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നിഗംബോധ് ഘട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വിലാപയാത്രയായാണ് നിഗംബോധ് ഘട്ടിലെത്തിച്ചത്. സോണിയാ ഗാന്ധി ,രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിലാപയാത്രയെ അനുഗമിച്ചു. “മന്‍മോഹന്‍ സിംഗ് അമര്‍ രഹേ…”എന്ന മുദ്രാവാക്യം മുഴക്കി വന്‍ ജനക്കൂട്ടം അന്ത്യയാത്രയില്‍ പങ്കാളികളായി.
മന്‍മോഹന്‍ സിംഗ്ന്റെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യം ഏഴ് ദിവസത്തെ ദുഃഖാചരണത്തിലാണ്. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുശോചനപ്രമേയം അംഗീകരിച്ചു. ജനുവരി ഒന്നുവരെ രാജ്യത്തും വിദേശത്തെ ഇന്ത്യന്‍ ദൗത്യസംഘങ്ങളുടെ ആസ്ഥാനങ്ങളിലും ഹൈക്കമ്മിഷനുകളിലും ദേശീയപതാക പകുതി താഴ്ത്തികെട്ടി അദ്ദേഹത്തിൻ്റെ വിയോഗത്തിലെ ദുഖമാചരിക്കും.
സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയ വഴിയിലെത്തിയത്. 2004 മേയ് 22ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി.