ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും :ഫേസ്‌ബുക്ക് പോസ്റ്റിൽ ദുരൂഹത

അബുദാബി: മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അബുദാബിയിലെ പ്രമുഖ ദന്തഡോക്ടറും മലയാളി സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരിന്ന ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകും. ബനിയാസ് മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിനു ശേഷമാകും നാട്ടിലേക്കു കൊണ്ടുപോവുക. ധനലക്ഷ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
തിങ്കളാഴ്ച ജോലിക്ക് എത്താത്തിതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ. ധനലക്ഷ്മി,കണ്ണൂര്‍ തളാപ്പ് അരയക്കണ്ടി തായമ്പള്ളി വീട്ടില്‍ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.പത്ത് വര്‍ഷത്തിലധികമായി പ്രവാസലോകത്ത് ജീവിക്കുന്ന ധനലക്ഷ്മിയുടെ ആത്മഹത്യാ വാർത്ത കേട്ട ഞെട്ടലിൽ നിന്ന് സ്വദേശത്തുള്ളവരും പ്രവാസി സുഹൃത്തുക്കളും ഇനിയും മുക്തിനേടിയിട്ടില്ല. ഡോക്റ്ററുടെ ആക്‌സമിക വേർപാടിനുശേഷം ഇപ്പോൾ ചർച്ചയായിരിക്കുന്നത് ആത്മഹത്യയ്ക്ക് മുന്നേ അവർ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് .
‘അനുകമ്പയുടെ വില’-എന്ന തലക്കെട്ടിൽ ഒരു കഥപോലെ എഴുതിയ കുറിപ്പിൽ ആത്മഹതയ്ക്കു പിന്നിലെ കാരണങ്ങൾ വ്യക്തമാണെന്ന് ചില സുഹൃത്തുക്കൾ പറയുന്നു.
ധനിക കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് ദയതോന്നി സഹായം ചെയ്ത് കുരുക്കിലായ ഒരു വനിതയുടെ അനുഭവമാണ് കുറിപ്പിലുള്ളത്.
സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന ഇയാള്‍ക്ക് പ്രത്യേക പിന്തുണയാവശ്യമുള്ള ഒരു മകനുണ്ട്. പെട്ടെന്ന് ഒരുദിവസം തനിക്ക് ജോലി നഷ്ടമായെന്നും കാര്‍ കമ്പനി തിരികെ എടുത്തെന്നും വനിതാ സുഹൃത്തിനെ വിളിച്ച് അറിയിക്കുന്നു. മകനെ കൊണ്ടുപോകാനും യാത്രകള്‍ക്കും വാഹനമില്ലെന്ന് കണ്ണീരോടെ പറയുന്നു. ഈ കഥ കേട്ട് സ്വന്തമായി വായ്പ്പയെടുത്ത് കാര്‍ വാങ്ങി നല്‍കുകയാണ് ഉറ്റ സുഹൃത്തായ വനിത. പ്രത്യേക പിന്തുണ ആവശ്യമുള്ള അയാളുടെ മകനെ മാത്രമോര്‍ത്താണ് ആ ദയ കാട്ടിയത്. പറ്റുമ്പോള്‍ തിരിച്ചടയ്ക്കണം എന്നത് മാത്രമായിരുന്നു അയാള്‍ക്ക് മുന്നില്‍ വെച്ച നിബന്ധന.പക്ഷെ പിന്നീട് നിരന്തരം പിന്നെ ട്രാഫിക് പിഴകള്‍ വന്നു തുടങ്ങി. തെറ്റായ പാര്‍ക്കിങ്, അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ്.. അങ്ങനെ പലതും. ചോദിച്ചപ്പോള്‍ തിരക്കിട്ട് ആശുപത്രിയില്‍ പോയപ്പോള്‍, മകനെ തെറാപ്പിക്ക് കൊണ്ടുപോയപ്പോള്‍ സംഭവിച്ചത് തുടങ്ങിയ ന്യായീകരണങ്ങള്‍.. വായ്പ്പയും വാഹനവും സ്വന്തം പേരിലായതിനാല്‍ എല്ലാം വനിതാ സുഹൃത്ത് അടച്ചു തീര്‍ത്തു. പക്ഷെ പിന്നെ കാണുന്നത് ഇയാളുടെ കുടുംബം വിദേശയാത്രകള്‍ നടത്തുന്നതും ഉല്ലസിക്കുന്നതും ആഡംബരത്തില്‍ ജീവിക്കുന്നതും എല്ലാമാണ്. തന്റെ പേരിലെടുത്ത കാറിന്റെ വായ്പ്പയെങ്കിലും അടച്ചു തീര്‍ക്കാന്‍ പറഞ്ഞിട്ട് അതും കേട്ടില്ല. ചോദിച്ചിട്ടും മറുപടിയില്ല. ഒടുവില്‍ തന്റെ ജോലി നഷ്ടപ്പെട്ട് സഹായം തേടിയപ്പോള്‍ പോലും പ്രതികരണമുണ്ടായില്ല.
മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ചതിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവില്‍ ആ വനിത സ്വന്തം അന്തസ് മുറുകെപ്പിടിച്ച് തിരികെ നടന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
സാങ്കല്‍പ്പികമെന്ന് തോന്നുന്ന രണ്ട് പേരുകളല്ലാതെ മറ്റൊന്നും ഈ കുറിപ്പിലില്ല. പക്ഷേ ധനലക്ഷമിയുടെ ആത്മഹത്യയുമായി ഈ കഥയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന സംശയം അബുദാബിയിലെ സുഹൃത്തുക്കൾക്ക് ഉണ്ട്.
ബനിയാസ് സെട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് വൈകിട്ട് മൂന്നിന് മോര്‍ച്ചറിയില്‍ എത്തിച്ചേരണമെന്ന് അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ അറിയിച്ചു . നിരവധി പുസ്തകങ്ങള്‍ എഴുതിയ ധനലക്ഷ്മി 10 വര്‍ഷത്തിലേറെയായി പ്രവാസിയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അവര്‍ ഗള്‍ഫില്‍ വരുന്നതിന് മുന്‍പ് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. അബൂദബിയിലെ ചെറുതും വലുതുമായ സംഘടനകളുടെ പരിപാടിയില്‍ സ്ഥിര സാന്നിധ്യമായിരുന്നു. അബൂദബി മലയാളി സമാജം അംഗം കൂടിയാണ്. യു.എ.ഇയിലെ വിവിധ സംഘടനകളില്‍ നിന്നും നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ഡോ. ധനലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്.
സാമൂഹിക സാംസ്‌കാരികജീവകരുണ്യ മേഖലകള്‍ക്ക് തീരാനഷ്ടമാണ് ഡോ. ധനലക്ഷ്മിയുടെ വിയോഗമെന്ന് സലിം ചിറക്കല്‍ അഭിപ്രായപ്പെട്ടു. എല്ലാവരുമായും ഒരുപോലെ ഇടപഴകുന്ന പ്രകൃതമായിരുന്നു അവരുടേത്. ഡോ. ധനലക്ഷ്മിയുടെ വിയോഗം ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് അബൂദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍ ആറ്റിങ്ങല്‍ അഭിപ്രായപ്പെട്ടു. എപ്പോഴും ചെറു പുഞ്ചിരിയോടെ മാത്രം പൊതു പരിപാടികളില്‍ നിറഞ്ഞു നിന്ന് അവരെന്നും, ഐ.എസ്.സി അബുദബിയുടെയും തന്റെയും കുടുംബത്തിന്റെയും ദുഃഖവും അനുശോചനവും അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.