SFIO vs. CMRL:ഭീകരാക്രമണങ്ങളെ അനുകൂലിക്കുന്നവര്‍ക്കടക്കം പണം നല്‍കിയിട്ടുണ്ടോയെന്ന് സംശയം
ന്യൂഡല്‍ഹി: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എസ്‌എഫ്‌ഐ ഒ ഡല്‍ഹി ഹൈക്കോടതിയില്‍. ഭീകരാക്രമണങ്ങളെ അനുകൂലിക്കുന്നവര്‍ക്കടക്കം പണം നല്‍കിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി എസ്‌എഫ്‌ഐഓയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രാഷ്‌ട്രീയ നേതാവിന് കൈക്കൂലി നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടി വരുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഈ പണം എന്തിന് നല്‍കിയെന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുണ്ടാകുമെന്നും എസ്എഫ്ഐഒ പറഞ്ഞു. ആവശ്യമെങ്കില്‍ മുദ്രവച്ച കവറില്‍ അന്വേഷണ വിവരങ്ങള്‍ കൈമാറാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇല്ലാത്ത സേവനങ്ങള്‍ക്ക് വേണ്ടി ബില്ലുകള്‍ വ്യാജമായി ഉണ്ടാക്കിയതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനും അവരുടെ കമ്പനിയായ എക്‌സാലോജിക്കും പ്രതിയായ കേസിലാണ് എസ്‌എഫ്‌ഐഒയുടെ വെളിപ്പെടുത്തലുകള്‍. കേന്ദ്ര സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനും കൈമാറിയിട്ടുണ്ട്.
എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കോടതിയെ അറിയിച്ചു. 23ന് കേസില്‍ വാദം തുടരും.നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനും കമ്പനി എക്‌സാലോജിക്കും ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദായ നികുതി സെറ്റില്‍മെന്‍റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസ് വീണ്ടും അന്വേഷിക്കുന്നത് ചട്ടവിരുദ്ധമാണ് എന്നാണ് സിഎംആര്‍എല്‍ കോടതിയില്‍ വാദിച്ചത്.
സെറ്റില്‍മെന്‍റ് കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം. പരാതി നല്‍കിയ ഷോണ്‍ ജോര്‍ജിന് രഹസ്യ രേഖകള്‍ എങ്ങനെ ലഭിച്ചു എന്നും സിഎംആര്‍എല്‍ ചോദിച്ചു. പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണെന്നും സിഎംആർഎൽ ചൂണ്ടിക്കാട്ടിയിരുന്നു.
സിഎംആർഎൽ, എക്‌സാലോജിക് സൊല്യൂഷൻസ്, കെഎസ്ഐഡിസി എന്നിവയ്‌ക്കെതിരെയുള്ള എസ്എഫ്ഐഒ അന്വേഷണത്തിന്‍റെ റിപ്പോർട്ട് രണ്ടാഴ്‌ചയ്ക്കകം സർക്കാരിന് നൽകുമെന്നാണ് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. സർക്കാർ അനുമതി നൽകിയാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും എസ്എഫ്ഐഒ അറിയിച്ചു.
സിഎംആർഎൽ കമ്പനി ചെലവ് കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്ന് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. മാസപടി കേസിൽ ഇഡി ചോദ്യം ചെയ്‌ത് ബുദ്ധിമുട്ടിക്കുന്നു എന്ന് ആരോപിച്ച് സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജിയിലാണ് എക്‌സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം വേണമെന്ന കാര്യം ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. സിഎംആർ എൽ കമ്പനിയ്‌ക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു