ഇരട്ടക്കൊലപാതകം: വിജയന്‍റെ മൃതദേഹം കണ്ടെത്തി
ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്‍റെ തറയിൽ നിന്ന് മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്‍റെ അച്ഛന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു. ഇന്ന് മറ്റൊരു പ്രതിയായ നീതിഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പരിശോധനയിൽ വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു.
തുടർന്ന് ഫോറൻസിക് സർജൻ സ്ഥലത്തെത്തിയതോടെ തറ കുഴിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നവജാത ശിശുവിനെ കുഴിച്ചിട്ടിരിക്കുന്ന സാഗര ജംഗ്ഷനിലെ വീട്ടിലേക്ക് പ്രതിയുമായി തെളിവെടുപ്പ് നടത്താനാണ് പൊലീസിന്‍റെ നീക്കം.