വാതിൽ തകരാർ പരിഹരിച്ച്: നവകേരള ബസ് യാത്ര തുടരുന്നു.
കോഴിക്കോട്: നവകേരള ബസിന്റെ കോഴിക്കോട്- ബെംഗളൂരു ആദ്യ സർവീസിന് ഇന്ന് പുലർച്ചെ തുടക്കമായി. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. യാത്ര തുടങ്ങി കുറച്ച് സമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായി. ബസിന്റെ ഡോർ ഇടയ്‌ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. സുൽത്താൻ ബത്തേരിയിലെത്തിയാണ് ബസിന്റെ വാതിൽ തകരാർ പരിഹരിച്ചത്.
ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ വന്നപ്പോൾ ബസ് നിർത്തി. യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി കൊണ്ട് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. തുടർന്നു ബത്തേരി ഡിപ്പോയിൽനിന്ന് വാതിൽ തകരാർ പരിഹരിച്ചു. എമർജൻസി എക്സിറ്റ് സ്വിച്ച് ഓൺ ആയി കിടന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം.
താമരശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രാവിലെ 11.15 ഓടെ ബസ് ബെംഗളൂരുവിൽ എത്തും. ഉച്ചയ്‌ക്ക് 2.30 നാണ് മടക്കയാത്ര. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകം ആദ്യ സർവീസിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നൽകണം. ആദ്യ യാത്രയിൽ മുഖ്യമന്ത്രി ഇരുന്ന സീറ്റ് ദിവസങ്ങൾക്ക് മുമ്പെ ബുക്ക് ചെയ്തിരുന്നു.
യാത്രക്കിടയില്‍ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവുമുണ്ട്. 1.16 കോടി രൂപ മുടക്കി വാങ്ങിയ ഭാരത് ബെന്‍സിന്റെ ഈ ആഡംബര ബസ് കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍.