“മുസ്‌ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ച വിജയ്‌യെ വിശ്വസിക്കരുത്’ ‘; ഫത്‌വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത്

ലഖ്‌നൗ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്‌ലീം ജമാഅത്ത് പ്രസിഡന്‍റ് മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറെൽവി. തന്‍റെ സിനിമകളിൽ മുസ്‌ലീങ്ങളെ മോശമായി ചിത്രീകരിച്ചതിനും ചൂതാട്ടവും മദ്യ ഉപഭോഗവും നടത്തുന്ന വ്യക്തികളെ വിജയിയുടെ ഇഫ്‌താർ വിരുന്നിലേക്ക് ക്ഷണിച്ചതിനും വിജയിയെ ഷഹാബുദ്ദീന്‍ റസ്‌വി വിമർശിച്ചു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് ശഹാബുദ്ദീന്‍ റസ്‌വിയുടെ പ്രതികരണം.
വിജയ് ഒരു രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ച് മുസ്‌ലീങ്ങളുമായി സൗഹാർദ്ദപരമായ ബന്ധം പുലർത്തിയിട്ടുണ്ട്. എന്നിരുന്നാലും തന്‍റെ സിനിമകളിൽ തീവ്രവാദം പ്രചരിപ്പിക്കുന്നവരായി മുസ്‌ലീങ്ങളെ അദ്ദേഹം ചിത്രീകരിച്ചു. ചൂതാട്ടക്കാരെയും മദ്യ ഉപഭോക്താക്കളെയും അദ്ദേഹത്തിന്‍റെ ഇഫ്‌താർ വിരുന്നിലേക്ക് ക്ഷണിച്ചു.ഇതെല്ലാം കാരണം തമിഴ്‌നാട്ടിലെ മുസ്‌ലീങ്ങൾ അദ്ദേഹത്തോട് ദേഷ്യത്തിലാണ്. അവർ ഒരു ഫത്‌വ ആവശ്യപ്പെട്ടു. അതിനാൽ എന്‍റെ മറുപടിയിൽ, മുസ്‌ലീങ്ങൾ വിജയ്‌ക്കൊപ്പം നിൽക്കരുതെന്ന് പരാമർശിക്കുന്ന ഒരു ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മൗലാന റസ്‌വി ബറെൽവി പറഞ്ഞു.
വഖഫ് (ഭേദഗതി) നിയമത്തിനെതിരെ വിജയിയും സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്. നിയമത്തിലെ ചില പ്രധാന വ്യവസ്ഥകൾ സ്റ്റേ ചെയ്യാൻ സപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.