തർക്ക സ്ഥലത്തെ പള്ളി എന്ന് വിളിക്കരുത്’, യോഗി ആദിത്യനാഥ്

0

മഹാകുംഭ് നഗർ : തർക്കസ്ഥലങ്ങളിൽ പള്ളി പോലുള്ള രൂപ ഘടന നിർമിക്കുന്നതിനെ ഇസ്‌ലാമിക തത്വങ്ങൾ തന്നെ എതിർക്കുന്നത് കൊണ്ട് ഇത്തരം നിർമ്മിതികളെ പള്ളി എന്ന് വിളിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

കഴിഞ്ഞ വർഷം നവംബറിൽ സംഘര്‍ഷം നടന്ന സംഭാലിലെ ഷാഹി ജുമാ മസ്‌ജിദ് തർക്കത്തെക്കുറിച്ച് പരാമർശിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. തർക്കസ്ഥലങ്ങളിലെ ആരാധന ദൈവത്തിന് സ്വീകാര്യമോ ഇസ്‌ലാമിക തത്വങ്ങൾക്ക് അനുസൃതമോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നാം ഒരിക്കലും വിവാദപരമായ ഒരു ഘടനയെ പള്ളി എന്ന് വിളിക്കരുത്. പള്ളി എന്ന് വിളിക്കുന്നത് നിർത്തുന്ന ദിവസം, ആളുകൾ അവിടെ പോകുന്നത് നിർത്തും. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിനോ അത്തരം സ്ഥലങ്ങളിൽ പള്ളി പോലുള്ള ഘടന നിർമിക്കുന്നതിനോ ഇസ്‌ലാം എതിരാണ്.’- യോഗി ആദിത്യനാഥ് പറഞ്ഞു. ദൈവം അംഗീകരിക്കുന്നില്ലെങ്കിൽ നമ്മൾ എന്തിനാണ് അത്തരം വ്യർത്ഥമായ ആരാധനയിൽ ഏർപ്പെടേണ്ടത് എന്നും യോഗി ചോദിച്ചു.

സനാതന ധർമത്തിൽ നിന്ന് വ്യത്യസ്‌തമായി, ആരാധനയ്ക്കായി പ്രത്യേക ഘടനകൾ നിർമിക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നില്ലെന്ന് ആദിത്യനാഥ് അഭിപ്രായപ്പെട്ടു. ഇവിടെ ക്ഷേത്രങ്ങൾ മതപരമായ ആചാരങ്ങളുടെ കേന്ദ്രമാണ് എന്നും യോഗി പറയുന്നു.

ഇസ്‌ലാം ആവിർഭാവത്തിന് വളരെ മുമ്പുതന്നെ, ഭഗവാൻ വിഷ്‌ണുവിന്‍റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ജന്മസ്ഥലമായി സംഭാൽ പ്രവചിക്കപ്പെട്ടിരുന്നുവെന്ന് യോഗി അവകാശപ്പെട്ടു. ഐൻ-ഇ-അക്ബരി പോലുള്ള ചരിത്ര രേഖകൾ ജുമാ മസ്‌ജിദ് നിർമിക്കാൻ 1526-ൽ ഒരു ശ്രീ ഹരി വിഷ്‌ണു ക്ഷേത്രം പൊളിച്ചുമാറ്റിയതായി പരാമർശിക്കുന്നുവെന്നും സ്ഥലം സ്വമേധയാ തിരികെ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഷാഹി ജുമാ മസ്‌ജിദ് പോലെ തർക്കത്തിലുള്ള മതസ്ഥലങ്ങളില്‍ ജുഡീഷ്യൽ ഇടപെടൽ ആവശ്യമില്ല. പകരം, പരസ്‌പര അനുരഞ്ജനമാണ് വേണ്ടത്. ഇസ്‌ലാം മത വിശ്വാസികള്‍ സത്യം അംഗീകരിക്കുകയും സൽസ്വഭാവം കാണിക്കുകയും ചെയ്യണമെന്നും യോഗി പറഞ്ഞു. ആരാധനാലയ നിയമത്തിന്‍റെ കാര്യത്തിൽ കോടതികൾ നീതിയും വിശ്വാസത്തോടുള്ള ബഹുമാനവും ഉറപ്പാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *