ഗാസയിൽ വെടിനിർത്തലെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്നാണ് സമൂഹമാധ്യമമായ എക്സ് പോസ്റ്റിലൂടെയുള്ള ഡോണൾഡ് ട്രംപിൻറെ പ്രഖ്യാപനം. ഹമാസ് കരാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാർ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ സമയത്ത് എല്ലാവരുമായി ചർച്ച നടത്തും. ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിർദേശങ്ങൾ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്നാണ് ട്രംപിൻറെ പ്രഖ്യാപനം.
ഗാസയിൽ കൂട്ടക്കൊല തന്നെയാണ് നടക്കുന്നത്. ജൂൺ 13 ന് ഇറാനിൽ ഇസ്രായേൽ ബോംബാക്രമണം ആരംഭിച്ചതിനുശേഷം, 12 ദിവസത്തിനിടെ മാത്രം 860 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. അതിൽ 549 പേരും മരിച്ചത് ഭക്ഷണ വിതരണ കേന്ദ്രത്തിലെ വെടിവയ്പിലാണ്. ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെത്തുന്ന നിരായുധരായ സാധാരണക്കാരെ കൂട്ടമായി വെടിവച്ചുവീഴ്ത്തുക, എന്നിട്ട് അന്വേഷിക്കാമെന്ന് പറയുക. അതൊരു പതിവായിരിക്കുന്നു. തിങ്കളാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 74 പേരാണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ ഏഴ് ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു. കവചിത വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയാണ് മരണം.
അതേസമയം, ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേൽ ഉറപ്പ് നൽകണം. ഗാസയിലോ ലെബനോനിലോ പോലെ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ഇറാൻ നിലപാട് വ്യക്തമാക്കി. ഇതിന് യുഎൻ അംഗരാജ്യങ്ങൾ ഇടപെടണം എന്നാണ് ആവശ്യം. ചർച്ചകൾ വഴിമുട്ടി നിൽക്കുമ്പോഴാണ് ഈ നിലപാട്. വെടിനിർത്തലിന് ഇറാൻ സമ്മതിച്ചത് പുതിയ നയതന്ത്ര ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. ഇതിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.