ഡോംബിവ്‌ലി കേരളീയസമാജം തെരഞ്ഞെടുപ്പും ചില നിരീക്ഷണങ്ങളും

ഡോംബിവ്‌ലി :അംഗസംഖ്യകൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മ എന്ന് വിശേഷിപ്പിക്കുന്ന
കേരളീയ സമാജം ഡോംബിവ്‌ലി(താനെ ,മുംബൈ -മഹാരാഷ്ട്ര )യുടെ ഭരണസമിതിയിലേയ്ക്കുള്ള (2025-26 & 2026 -27ലേയ്ക്കുള്ള )തെരഞ്ഞെടുപ്പ് മാർച്ച് 9 ,ന് ഞായാറഴ്ച്ച ഡോംബിവ്‌ലി ഈസ്റ്റിലുള്ള (കമ്പൽപാഡ)മോഡൽ കോളേജിൽ വെച്ച് നടക്കും.
പ്രസിഡണ്ട് , വൈസ്പ്രസിപ്രസിഡണ്ട്, ചെയർമാൻ , വൈസ് ചെയർമാൻ ,ജനറൽ സെക്രട്ടറി ,ഫൈനാൻസ് സെക്രട്ടറി ,എഡ്യുക്കേഷൻ സെക്രട്ടറി ,ട്രഷറർ ,രണ്ട് ഇന്റെർണൽ ഓഡിറ്റേഴ്‌സ് കൂടാതെ 7 കമ്മിറ്റി അംഗങ്ങൾ ,എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് ,വൈസ്പ്രസിഡന്റ്,രണ്ട് ഇന്റെർണൽ ഓഡിറ്റർമാരുടെയും ഭരണസമിതിയിലുള്ള കാലപരിധി ഒരു വർഷമാണ്.
പ്രസിഡന്റ് ,വൈസ്പ്രസിഡന്റ് ,എഡ്യുക്കേഷൻ സെക്രട്ടറി ,ഇന്റർനാൽ ഓഡിറ്റർമാർ ,ജിസി അംഗങ്ങളിൽ ഏഴുപേർ എന്നിവരാണ് ഭരണപക്ഷ പാനലിൽ മത്സരിക്കുന്ന പുതിയ സ്ഥാനാർത്ഥികൾ . ബാക്കി പ്രധാന സ്ഥാനങ്ങളിൽ നിലവിലുള്ള ഭരണസമിതി അംഗങ്ങൾ തന്നെയാണ് മത്സരിക്കുന്നത്.
ഏറെ വർഷക്കാലമായി സമാജം അംഗങ്ങൾ തന്നെ രണ്ടു വിഭാഗങ്ങളായി ചേരിതിരിഞ്ഞുകൊണ്ടുള്ള തെരഞ്ഞെടുപ്പ് മത്സരമാണ് കേരളീയ സമാജത്തിൽ നടന്നു വരുന്നത്.തെരഞ്ഞെടുപ്പ് ദിവസം നടക്കുന്ന സംഭവബഹുലമായ വാർഷിക പൊതുയോഗങ്ങൾ സമാജ ‘ചരിത്ര’ത്തിൽ കുറിക്കപ്പെട്ടവയാണ് .ഭരണ-പ്രതി പക്ഷമായി നിന്നുകൊണ്ടുള്ള കേരളീയ സമാജത്തിലെ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ നടക്കുന്ന ലോകസഭ -നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് സമാനമായ രീതിയിലുള്ള വീറും വാശിയിലുമാണ് നടന്നുവരാറുള്ളത് .പതിവ് രീതികളിൽ നിന്നും വിഭിന്നമായി 2022ൽ നടന്ന തെരഞ്ഞെടുപ്പിലാണ് രണ്ട് പക്ഷങ്ങളും ‘ഉൽപ്പന്ന നാമധാരികൾ ‘(Brand Name )ആയി മാറിക്കൊണ്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് .
പ്രതിപക്ഷ അംഗങ്ങൾ ‘ജനപക്ഷ’ മായി നിന്നുകൊണ്ട് സാമൂഹ്യ സേവനങ്ങളും പ്രവർത്തനങ്ങളുമായി, ഡോംബിവ്‌ലിയിലെ മലയാളി ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും അങ്ങനെയുണ്ടാക്കിയ ഒരു Impact ലൂടെ 2022ലെ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയുമായിരുന്നു.തെരഞ്ഞെടുപ്പിലേക്ക് കാലെടുത്ത് വെച്ചപ്പോൾ ‘ജന പക്ഷം ‘, ‘സമാജ പക്ഷ’ മായി മാറുന്നത് പിന്നീട് ‘ജനപക്ഷീയർ’ ക്ക് കാണേണ്ടിവന്നു. ( ‘ജനപക്ഷ’മെന്ന പിത്രുനാമത്തിൻ്റെ അവകാശത്തെ ചൊല്ലിയൊരു തർക്കം ‘ ഇപ്പോൾ ‘എയറി’ൽ കിടക്കുന്നുണ്ട്. )
അതെ സമയം, ഭരിച്ചുകൊണ്ടിരുന്ന പക്ഷം ‘ഹൃദയപക്ഷ’ മായാണ് മാറിയത്. ഭൂരിപക്ഷ സമാജം അംഗങ്ങളുടേയും ഹൃദയത്തിൽ തങ്ങളാണ് എന്ന വിശ്വാസത്തിൽ , മുപ്പതുവർഷമായി തുടർന്നുവരുന്ന ഭരണപരമ്പര ആവർത്തിക്കുമെന്ന അമിത ആത്മവിശ്വാസത്തോടെ നേതൃത്തം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. പക്ഷെ…ഇടയ്ക്ക് ചില സുപ്രധാന ‘കൂറുമാറ്റങ്ങൾ ‘നടന്നപ്പോൾ പരിണതി അവർ പ്രതീക്ഷിക്കാത്തതായിരുന്നു!മൂന്നുപതിറ്റാണ്ടായി സമാജ ഭരണം നടത്തിവന്നിരുന്ന ഒരു വിഭാഗത്തിൻ്റെ (ഹൃദയപക്ഷം )അധികാര നഷ്ടത്തിന് 2022 സെപ്റ്റംബർ 25 ഞായറാഴ്ച്ച നടന്ന ആ തെരഞ്ഞെടുപ്പ് കാരണമായി മാറി!
കഴിഞ്ഞ രണ്ടുവർഷത്തിൽ ആഘോഷങ്ങളും വിമർശനങ്ങളും 2 :2 എന്ന അനുപാതത്തിൽ ഇവിടെ തകൃതിയായി നടന്നുവരികയായിരുന്നു .ജനോപകാരപ്രദമായ നല്ല കാര്യങ്ങൾ പലതും നിലവിലുള്ള ഭരണസമിതി ചെയ്‌തു എന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ വോട്ടർമാർക്ക് രണ്ടുവർഷം മുമ്പ് വാഗ്‌ദാനം ചെയ്‌ത സുപ്രധാനമായ പലകാര്യങ്ങളും ചെയ്യാൻ അവർക്ക് സാധിച്ചിട്ടുമില്ല എന്നതും ഒരു യാഥാർഥ്യമായി കിടക്കുന്നുണ്ട്. .ചിലകാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ പോലും സാധിച്ചിട്ടില്ല…!
കഴിഞ്ഞ ഭരണകൂടത്തിനെതിരെ ഏറ്റവും കൂടുതൽ ആരോപിക്കപ്പെട്ട ഒരു വിഷയമായിരുന്നു ‘അഴിമതി ‘ . ഈ രണ്ടുവർഷ കാലയളവിൽ അത് തെളിയിക്കാനോ പൊതുജനസമക്ഷം വിവരങ്ങൾ പരസ്യമായി സമർപ്പിക്കാനോ ‘ സമാജപക്ഷ’ക്കാർക്ക് സാധിച്ചിട്ടില്ല.അതു വെറും സ്വകാര്യഭാഷണങ്ങളിലെ ‘കുശുകുശുക്കൽ ‘ മാത്രമാണിന്ന് .
വോട്ടു ചെയ്‌ത് വിജയിപ്പിച്ച സമാജം അംഗങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ‘ഐറ്റം ‘ ആയിരുന്നു “അഴിമതി തെളിയിക്കലും ചെയ്തവർക്കെതിരേ നടപടിയെടുക്കലും “. പക്ഷേ ഈ സമയം വരെ ഒന്നും സംഭവിക്കാത്തതിൽ വലിയൊരു വിഭാഗം നിരാശയിലാണ്.
‘ഉല്ലാസ് ‘ നദി അഴുക്കുകൾ ഉള്ളിലൊതുക്കി നിശബ്ദമായി ഒഴുകിക്കൊണ്ടിരിക്കുന്നു….
“പാലം കടക്കുവോളം നാരായണ , പാലം കടന്നാൽ കൂരായണ..”എന്നാണ് ഈ അവസ്ഥാ വിശേഷത്തെ ചില അംഗങ്ങൾ നിർവചിക്കുന്നത് .
അതുപോലെ ഒന്നാണ് ഡാറ്റ മോഷണ ആരോപണങ്ങൾ .
കുറ്റം തെളിയിക്കാതെ പ്രതികളുടെ പേരുകൾ ഉത്തരവാദിത്വപ്പെട്ടവർ പരസ്യമാക്കിയത് വലിയൊരു കുറ്റമായി പ്രജകൾ ആരും കാണുന്നില്ല . പിന്നീടുവന്ന അന്യേഷണ കമ്മീഷൻ്റെ കണ്ടെത്തലുകളാകട്ടെ ‘ആവി’യായും പോയി. ഇതൊക്കെ നിലവിലെ ഭരണത്തിലെ ‘കല്ലുകടി’ കളായിരുന്നു .ഇവയൊക്കെ ‘പ്രഹസന’ങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണ്.
തെറ്റുകൾ ചൂണ്ടിക്കാട്ടി ഭരണത്തെ നേർവഴിക്ക് നയിക്കുക എന്ന സദുദ്ദേശത്തോടൊപ്പം ഭരണത്തെ എങ്ങനെയെങ്കിലും താഴെ ഇറക്കുക എന്ന ലക്ഷ്യ൦ കൂടി പ്രതിപക്ഷമായ ഹൃദയപക്ഷത്തിലുണ്ട് .അതിന്റെതായ ആസൂത്രിത നീക്കങ്ങൾ അവരുടെ പ്രവർത്തനത്തിലുണ്ട് .ഇതെത്രകണ്ട് വിജയിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
നിർധനരായ ആദിവാസി യുവതീ യുവാക്കളെ വിവാഹം കഴിപ്പിക്കൽ ,വയനാട് ദുരന്ത സഹായം എന്നിവയൊക്കെ സമാജത്തിൻ്റെ നന്മയ്ക്കും സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള പ്രത്യക്ഷ ഉദാഹരണങ്ങളായിരുന്നു.
(എന്നാൽ ഇതിനൊക്കെ സ്വീകരിച്ച നടപടി ക്രമങ്ങൾ ശരിയാണോ എന്നത് ഒരു ചോദ്യമായി നിലനിൽക്കുന്നുണ്ട്.)
എഡ്യുക്കേഷൻ സെക്രട്ടറിയുടെ രാജിയും ഭരണസമിതിയിലെ ചില അംഗങ്ങളെ പുറത്താക്കേണ്ടിവന്ന നടപടിയും ഭരണസമിതിയുടെ കൂട്ടുത്തരവാദിത്യമില്ലായ്മയുടെ അനന്തരഫലമായിരുന്നു. ‘ജനപക്ഷ’ത്തിൻ്റെ സാരഥി എന്ന് ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ട , രാജിവെച്ച എഡ്യുക്കേഷൻ സെക്രട്ടറിയും ജിസി അംഗവും പ്രധാന സ്ഥാനങ്ങളിൽ നിന്ന് എതിർ പാനലിൽ ഇപ്പോൾ മത്സരിക്കുന്നു എന്നത് ‘ഭൂമി അച്ചുതണ്ടിൽ തന്നെയാണ് കറങ്ങുന്നത് ‘ എന്നതിനുള്ള പ്രഥമ ദൃഷ്ട്ടാന്തമാണ്. രണ്ടുവർഷത്തിനു ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പിലെ പുതുമയും അതുതന്നെയാണ് !
കൂട്ടുത്തരവാദിത്യമില്ലായ്മയ്ക്കുള്ള മറ്റൊരു ഉദാഹരണമായിരുന്നു രണ്ടുവർഷത്തെ കലാകായിക സാഹിത്യസാംസ്‌കാരിക പ്രവർത്തനങ്ങളുടെ കലാശക്കൊട്ടായി മാറിയ വാർഷിക പരിപാടി .
കേരളത്തിൽ നിന്നുമെത്തിയ യുവഗായകരുടെ പരിപാടികാണാനായി സമാജം കുടുംബാംഗങ്ങളും മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയവരും നിറഞ്ഞിരുന്ന സദസ്സിനു മുന്നിലാണ് തൻ്റെ വാചാലതകൊണ്ട് അലോസരപ്പെടുത്താനായി ഒരു അധ്യക്ഷൻ കടന്നുവരുന്നത് . ഒരു ( പൊതു) പരിപാടിയിൽ സമയത്തിൻ്റെ മൂല്യം എത്രയുണ്ടെന്ന് തിരിച്ചറിയാതെ സാമൂഹ്യവിഷയങ്ങളൊന്നും പരാമർശിക്കാതെ ആഭ്യന്തര കാര്യങ്ങൾ പറഞ്ഞാണ് അദ്ദേഹം സമയത്തെ ദുരുപയോഗം ചെയ്തത്. (ചെയർമാനും അതെ വഴി സ്വീകരിച്ചു.)
സമാജ വിലാസത്തിൽ തനിക്ക് വന്ന ‘മൂന്ന് കത്തു’കളുടെ അവതരണമായിരുന്നു അധ്യക്ഷൻ്റെ കാര്യപരിപാടിയിൽ പ്രധാനമായും ഉണ്ടായിരുന്നത്. സമാജത്തിൻ്റെ ‘സുപ്രീം ‘ആയി ചെയർമാൻ ഉണ്ടെന്നിരിക്കെ ഭരണസമിതിയിലെ ആരുമായും ചർച്ചചെയ്യാതെ വസ്തുതകളെക്കുറിച്ച് ചെറിയൊരു അന്വേഷണം പോലും നടത്താതെ പോക്കറ്റിൽ രഹസ്യമായി കൊണ്ട് നടന്ന കത്തിനെ ഒരു ഭീഷണി കത്തായി കണ്ട് വ്യക്തിപരമായി ചിലരെ ആക്ഷേപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ അവതരണം . ഒടുവിൽ ഭരണസമിതി അംഗങ്ങൾ നിശബ്ദരായി അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ട് വേദിവിടുമ്പോൾ ലജ്ജിച്ചത് സമാജം തന്നെ ആയിരുന്നു എന്നാണു ഒരു മുതിർന്ന അംഗം പറഞ്ഞത്.
“അഴിമതിയ്ക്ക് കുടപിടിക്കാത്തതാണോ ഞാൻ ചെയ്‌ത തെറ്റ് ” എന്ന അധ്യക്ഷ പ്രസംഗത്തിലെ പരാമർശം അപ്പോഴും വേദിയിൽ മുഴങ്ങുന്നുണ്ടായിരുന്നു !
ഭരണസമിതിയിലെ ഐക്യമില്ലായമയുടെ പ്രതിധ്വനി കൂടിയായിരുന്നു ആ ശബ്‌ദം !
നിരന്തരമായ വെല്ലുവിളികളേയും അതിസങ്കീർണ്ണതകളെയും അതിജീവിച്ച് കഷ്ട്ടപാടുകളിലൂടെയും ഒത്തൊരുമയിലൂടെയും പൂർവികർ വളർത്തിയെടുത്ത ഒരു പ്രസ്ഥാനമാണ് 75 വയസ്സിലെത്തി ഇപ്പോൾ ഡോംബിവ്‌ലിയിൽ തലയുയർത്തി നിൽക്കുന്നത്. പുതിയൊരു ഭരണസമിതിയെ കാത്ത് നിൽക്കുന്നത് …
പണ്ട് 76 -77 കാലഘട്ടത്തിൽ മോഡൽ സ്‌കൂൾ കെട്ടിടത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് ശേഷം കരാറുകാരന് ബാക്കിവന്ന 75 000 രൂപ കൊടുക്കാൻ കഴിവില്ലാതെ ,ഒഴിഞ്ഞ ഖജാനവ് നോക്കി വിതുമ്പി പോയവർ ഇവിടെ ഉണ്ടായിരുന്നു.ഈ കാരണത്താൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ അധികാരം ഏറ്റെടുക്കാനോ ആരും തയ്യാറാകാതെ വരികയും പഴയ ഭരണസമിതിക്ക് തന്നെ സംഘടനയെ മുന്നോട്ടു നയിക്കേണ്ട അവസ്ഥയും വന്നിട്ടുണ്ട്. ഇന്നോ…!!!??
അംഗബലം തരുന്ന ആത്മവിശ്വാസത്തിൽ വിജയരഥങ്ങളിലേറുന്നവർ ആരായാലും ചരിത്രങ്ങളെ വിസ്മരിച്ച്
മുന്നോട്ടുപോകാതിരിക്കുക . സമാജ ചരിത്രത്തെ അറിയാനെങ്കിലും ശ്രമിക്കുക .
മുരളി പെരളശ്ശേരി