കുറുകെ നായ ചാടി : മരത്തിലിടിച്ചു കാർ തകർന്നു ,മന്ത്രി രക്ഷപ്പെട്ടു
ബംഗളൂരു: യാത്രയ്ക്കിടെ കാർ മരത്തിൽ ഇടിച്ചുകയറി കർണാടക മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കർക്ക് പരിക്ക്. രാവിലെ ബെൽഗാവി ജില്ലയിൽ കിത്തൂരിനടുത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടന്ന ഒരു നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കുന്നതിനിടെയാണ് മരത്തിൽ ഇടിച്ച് കയറിയത്.അപകടത്തിൽ ഇന്നോവ ഹൈക്രോസ് കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിൽ എയർബാഗുകൾ ഉള്ളതിനാൽ അപകടത്തിന്റെ ആഘാതം കുറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ വനിതാ ശിശുക്ഷേമ മന്ത്രിയാണ് ലക്ഷ്‌മി ഹെബ്ബാൾക്കർ. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ സഹോദരൻ ചന്നരാജ് ഹട്ടിഹോളിയും ലക്ഷ്‌മിക്കൊപ്പം യാത്ര ചെയ്‌തിരുന്നു. ഇന്നലെ വൈകിട്ട് ബംഗളൂരുവിൽ നടന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ.49കാരിയായ ലക്ഷ്‌മിയുടെ കാലിൽ ചെറിയൊരു പൊട്ടലുണ്ടായെന്നാണ് റിപ്പോർട്ട്. നിലവിൽ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന ഇവരെ രണ്ട് ദിവസത്തിനുള്ളിൽ ഡിസ്‌ചാർജ് ചെയ്യും. ഹട്ടിഹോളിയുടെ തലയിൽ ചെറിയ പരിക്കുണ്ടെന്നും വിവരമുണ്ട്. ഡ്രൈവർക്കും അവരുടെ ഗൺമാനും നിസാര പരിക്ക് മാത്രമേ പറ്റിയുള്ളു. അതിനാൽ, ഇവർ പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം ആശുപത്രി വിട്ടു.