നായയുടെ ആക്രമണം; 2 വയസുകാരി ഉൾപ്പെടെ പത്തോളം പേർക്ക് കടിയേറ്റു
കളമശേരി: കളമശേരി നഗരസഭ പ്രദേശങ്ങളിൽ രണ്ടു തെരുവ് നായ്ക്കൾ ഓടി നടന്നു കടിച്ചു. രണ്ടു വയസുള്ള കുഞ്ഞിന് ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു. നഗരസഭയുടെ ഗ്ലാസ് കോളനി, ശാന്തിനഗർ, രാജഗിരി, സുന്ദരഗിരി, ചക്യാടം എന്നീ വാർഡുകളിലുള്ളവർക്കാണ് വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ച രാവിലെയും നായ്കളുടെ കടിയേറ്റത്
ചക്യാടം വാർഡിൽ മാളിയേക്കൽ വീട്ടിൽ ആതിരയുടെ മകൾ നിത്യശ്രീക്ക് (7) വീട്ടുമുറ്റത്ത് കളിച്ചു കളിച്ചുകൊണ്ടിരുന്നപ്പോൾ ഗേറ്റ് കടന്ന് ഓടിവന്ന നായ കടിക്കുകയായിരുന്നു. പൂജ നിവാസിൽ വിനോദിന്റെ ഭാര്യ സിന്ധു (48), വാടകയ്ക്ക് താമസിക്കുന്ന സെൽവൻ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വാടകക്ക് താമസിക്കുന്ന മുരുഗൻ (47) എന്നിവർക്കും കടിയേറ്റു.
ഗ്ലാസ് കോളനി വാർഡിൽ താമസിക്കുന്ന അതിഥി തൊഴിലാളിയുടെ രണ്ടു വയസ്സുള്ള മകൾ ബിസീഷിന് അമ്മയുടെ ഒക്കത്തിരുന്നപ്പോൾ നായ കടിക്കുകയായിരുന്നു. ഫോർ ഡ്യൂ അപ്പാർട്ട്മെൻ്റിൽ ഗോഡ്വിൻ ജെറോമിനും ഭാര്യ മേരി ചാക്കോയെയും നായ കടിച്ചു. ഗ്ലാസ് കോളനി വാർഡിലെ മുഹമ്മദ് റാഫി, ഷമീർ, മുഹമ്മദ് ഷാഫി എന്നിവർക്കും നായയുടെ കടിയേറ്റു.