മദ്യപാനശീലം കുറയുമോ? മദ്യക്കുപ്പികളിൽ കലോറി ലേബൽ വച്ചാൽ;പഠനവുമായി ഗവേഷകർ
മദ്യക്കുപ്പികളിലും പാക്കേജുകളിലും കലോറിയുടെ അളവ് കൊടുക്കുന്നതിലൂടെ ആളുകളുടെ മദ്യപാനശീലം കുറയ്ക്കാനായേക്കുമെന്ന് പഠനം. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
പ്രായപൂർത്തിയായ 4,684 പേരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് അമിതമായി മദ്യപിക്കുന്നവരിൽ പലരും മദ്യക്കുപ്പികളിലും പാക്കേജുകളിലും കലോറി കണക്കുകൾ കണ്ടാൽ മദ്യപാനശീലത്തിൽ മാറ്റം വരുത്തിയേക്കുമെന്ന് പങ്കുവെച്ചത്.
ബി.എം.ജെ. ഓപ്പണിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഇത്തരത്തിൽ കലോറി സംബന്ധമായ വിവരങ്ങൾ നൽകുന്നതിലൂടെ മദ്യപാനശീലം കുറയ്ക്കുമെന്ന് അമ്പത്തിനാലുശതമാനം പേർ അഭിപ്രായപ്പെട്ടു. കലോറി കുറഞ്ഞ ഡ്രിങ്ക്സ് തിരഞ്ഞെടുക്കുമെന്നും മദ്യപിക്കുന്ന ദിനങ്ങളുടെ അളവ് കുറയ്ക്കുമെന്നും മൊത്തത്തിൽ മദ്യപിക്കുന്ന ശീലം തന്നെ പാടേ കുറയ്ക്കുമെന്നും നിരവധിപേർ പങ്കുവെച്ചു.
മദ്യപാനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളിൽ പ്രധാനമാണ് അമിതവണ്ണവും. മദ്യപിക്കുന്നതിലൂടെ അധിക കലോറി ശരീരത്തിലെത്തുന്നതാണ് വണ്ണംവെക്കാനിടയാക്കുന്നത്. അതേസമയം മദ്യത്തിലെ കലോറി അളവ് കൊടുക്കുന്നതിലൂടെ മാത്രം മദ്യോപഭോഗം കാര്യമായി കുറയില്ലെന്നും മറിച്ച് മദ്യപാനത്തോടുള്ള മൊത്തത്തിലുള്ള സമീപനത്തിൽത്തന്നെ മാറ്റം വരേണ്ടതുണ്ടെന്നുകൂടി ഗവേഷകർ പറയുന്നുണ്ട്.
മദ്യം ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന ചില പോസിറ്റീവായ മാറ്റങ്ങൾ
ഹൃദയാരോഗ്യം മെച്ചപ്പെടും
പലരും ദിവസവും പരിമിതമായ അളവിൽ മദ്യംകഴിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. എന്നാൽ, മദ്യം ശീലമാവുകയും അതിനൊപ്പം അളവു കൂടുകയുമൊക്കെ ചെയ്യുന്നത് രക്തസമ്മർദത്തിന്റെ തോതിനെ ബാധിക്കും. ഇത് ഹൃദയാരോഗ്യത്തേയും തകരാറിലാക്കും. കൂടാതെ ട്രിഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പ് ശരീരത്തിൽ അടിയാൻ കാരണമാവുകയും ഇതും ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
കരളിന്റെ ആരോഗ്യം
ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറംതള്ളി വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. എന്നാൽ, മദ്യപാനം അതിരുവിടുന്നത് കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ഭാരം കുറയാൻ
വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവരും മദ്യപാനം ഉപേക്ഷിക്കുന്നത് ഗുണംചെയ്യും. ഒരു ഗ്ലാസ് ബിയറിൽ 150 കലോറിയും വൈനിൽ 120 കലോറിയുമാണുള്ളത്. ഇനി കലോറി തീരെ കുറഞ്ഞവയാണെങ്കിൽപ്പോലും മദ്യം വിശപ്പിനെ അധികരിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാനിടയാക്കുകയും വണ്ണംവെക്കാൻ കാരണമാവുകയും ചെയ്യും. അതിനാൽ മദ്യപാനം നിർത്തുകവഴി ശരീരഭാരവും കുറയ്ക്കാനാവും.
ബന്ധങ്ങൾ സുഖകരമാക്കും
മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിലും മദ്യത്തിന് വലിയ പങ്കാണുള്ളത്. സോഷ്യൽ ഡ്രിങ്കിങ് എന്ന അവസ്ഥയിൽനിന്ന് പലരും ബോധം നഷ്ടമാകും വരെ മദ്യപിക്കുന്നത് ദോഷമേ ചെയ്യൂ. മദ്യോപയോഗം കുറയ്ക്കുന്നതും നിർത്തുന്നതും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കൂടാതെ വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും സഹായകമാകും.
കാൻസർ സാധ്യത കുറയ്ക്കും
മദ്യപാനം പലതരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമായിരുന്നു. വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനത്തിലുണ്ടായിരുന്നത്. സ്തനാര്‍ബുദം, വായിലെ അര്‍ബുദം, കുടലിലെ അര്‍ബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാന്‍സറുകള്‍ക്ക് പിന്നില്‍ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ഉറക്കം മെച്ചപ്പെടും
മദ്യപാനം തുടക്കത്തിൽ മയക്കത്തിന് സമാനമായ അനുഭവം നൽകുമെങ്കിലും സുഖകരമായ ഉറക്കത്തിന് തടസ്സമാകാം. മൂത്രമൊഴിക്കുന്നതിനുൾപ്പെടെ ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് ഉറക്കം അസ്വസ്ഥമാക്കും. രാത്രി വളരെ വൈകുംവരെ മദ്യപിക്കുന്ന ശീലം പാടേ ഉപേക്ഷിക്കുന്നതാണ് ഗുണകരം.
പ്രതിരോധശേഷി
മദ്യം ശരീരത്തിന്റെ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷിയെ ദുർബലമാക്കാം. മദ്യത്തിന്റെ അളവു കൂടുന്നതിനൊപ്പം പ്രതിരോധശേഷി ദുർബലമാവും. ഇതുതടയാൻ മദ്യം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.
രക്തസമ്മർദത്തേയും മസ്തിഷ്കത്തേയും ബാധിക്കാം
വലിയ അളവിൽ മദ്യം കഴിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കും. കൂടാതെ മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തേയും ബാധിക്കും. കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ശേഷി കുറയുകയും മോട്ടോർ സ്കില്ലുകളെ ബാധിക്കുകയും ചെയ്യും. മദ്യം കുറയ്ക്കുന്നതിനനുസരിച്ച് ഈ ശേഷികൾ മെച്ചപ്പെടുകയും ചെയ്യും.
മദ്യത്തിന് അടിമകളായിട്ടുള്ളവർ പെട്ടെന്ന് അതുപേക്ഷിക്കുന്നത് വിത്ഡ്രോവൽ സിൻഡ്രോമിലേക്ക് നയിക്കാം. ഹൃദയമിടിപ്പ് ഉയരുക, ഛർദി, കൈകൾ വിറയൽ, അമിത ഉത്കണ്ഠ തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദഗ്ധസഹായം തേടണം.