, പോരാട്ടം തുടരും,‘എനിക്ക് ഉറക്കം നഷ്ടപ്പെട്ടതുപോലെ കുറ്റവാളികളുടെ ഉറക്കം നഷ്ടപ്പെടണം,
കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗ കൊലപാതകത്തിനിരയായ വനിതാ ഡോക്ടറുടെ മാതാപിതാക്കളും സമരമുഖത്ത്. ബുധനാഴ്ച രാത്രിയോടെയാണ് യുവതിയുടെ മാതാപിതാക്കൾ ആശുപത്രിക്കു മുൻപിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാർക്കൊപ്പം ചേർന്നത്. നീതിക്കായി സമരം നടത്തുന്ന മകളുടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പം മെഴുകുതിരികൾ കത്തിച്ചാണ് മാതാപിതാക്കൾ പ്രതിഷേധിച്ചത്.
തനിക്ക് ഉറക്കം നഷ്ടപ്പെട്ടതുപോലെ എല്ലാ കുറ്റവാളികൾക്കും ഉറക്കം നഷ്ടപ്പെടുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന വനിതാ ഡോക്ടറുടെ അമ്മയുടെ വാക്കുകൾ പ്രതിഷേധക്കാർക്കിടയിൽ നീറ്റലായി മാറി. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാരെ ദുഃഖത്തിൽ തങ്ങൾക്കൊപ്പം നിൽക്കുന്ന സ്വന്തം കുടുംബമെന്നാണ് രക്ഷിതാക്കൾ വിശേഷിപ്പിച്ചത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ രക്ഷിതാക്കളുടെ മുഖത്ത് മകളെ നഷ്ടപ്പെട്ട വേദനയും ദേഷ്യവും പ്രകടമായിരുന്നു.
‘‘കൊലപാതകം നടന്ന ദിവസം ഉച്ചയോടെയാണ് ഞങ്ങൾ ആശുപത്രിയിൽ എത്തിയത്. ഏഴു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു ഞങ്ങളുടെ മകളുടെ മൃതശരീരം കാണാൻ. വൈകുന്നേരം 7 മണിക്ക് സംസ്കാരത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോഴാണ് അവളെ കണ്ടത്. മൃതദേഹം സംസ്കരിക്കരുതെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം, പക്ഷേ അവർ സംസ്കരിച്ചു. അവളെ സംസ്കരിക്കാൻ എന്തിനാണ് ഇവർ തിടുക്കം കാണിച്ചത്? ഞങ്ങൾ ശ്മശാനത്തിൽ ചെന്നപ്പോൾ, അവിടെ 400 ഓളം പൊലീസുകാരെയാണ് കണ്ടത്. ഞങ്ങൾക്ക് ചിലർ പണം വാഗ്ദാനം ചെയ്തു. എന്താണ് ഇവിടെ സംഭവിക്കുന്നത്? അവളെ ദഹിപ്പിക്കാൻ എന്തിനാണ് തിടുക്കമെന്നും ഞങ്ങൾ ചോദിച്ചു. എല്ലാ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത് പൂർത്തിയാകുന്നതുവരെ ഞങ്ങൾ ഈ പോരാട്ടം തുടരും.’’– വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു.
ബുധനാഴ്ച അർധരാത്രി ആർ.ജി.കർ ആശുപത്രിക്കുള്ളിൽ ലൈറ്റുകൾ അണച്ചും മെഴുകുതിരികൾ കത്തിച്ചുമുള്ള പ്രതിഷേധം സമരക്കാർ തുടർന്നു. സുപ്രീംകോടതി വാദം കേൾക്കുന്നത് മാറ്റിവച്ചത് നിരാശാജനകമാണെന്നും എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത് വരെ തെരുവില്‍ തുടരുമെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. തങ്ങൾക്ക് ജുഡീഷ്യറിയെ വിശ്വസിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. വൈകിയ നീതി, നീതി നിഷേധത്തിന് തുല്യമാണെന്നും അവർ ആരോപിച്ചു. കഴിഞ്ഞ 27 ദിവസമായി സമരമുഖത്ത് തുടരുകയാണ് പ്രതിഷേധക്കാർ. അതേസമയം സുപ്രീം കോടതി വിഷയത്തിൽ ഇന്ന് വാദം കേട്ടേക്കും.