ഭാര്യയുടെ കാമുകന്‍റെ ക്രൂരമര്‍ദനമേറ്റ ഡോക്‌ടര്‍ മരണത്തിന് കീഴടങ്ങി

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ എട്ട് ദിവസം മുമ്പ് ഭാര്യയുടെ കാമുകന്‍റെയും കൂട്ടാളിയുടേയും ആക്രമണത്തിന് ഇരയായ ഡോക്‌ടർ മരണത്തിന് കീഴടങ്ങി. ഫെബ്രുവരി 20-ന് ബട്ടുപള്ളി റോഡിൽ വച്ച് ക്രൂരമര്‍ദനമേറ്റ ഡോ. സുമന്ത് റെഡി ശനിയാഴ്ച രാവിലെയാണ് മരിച്ചത്. കാറില്‍ സഞ്ചരിക്കവെ വഴിയരികില്‍ വച്ചാണ് സുമന്തിനെ പ്രതികള്‍ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
സുമന്തിനെ പുറത്തിറക്കുന്നതിനായി ഇയാള്‍ സഞ്ചരിച്ച കാറിന്‍റെ പിറകില്‍ പ്രതികള്‍ മറ്റൊരു വാഹനം കൊണ്ട് ഇടിച്ചു. ഇത് പരിശോധിക്കാനായി പുറത്തിറങ്ങിയപ്പോള്‍ ഡോക്‌ടറുടെ തലയില്‍ പ്രതികള്‍ ചുറ്റികകൊണ്ട് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. സുമന്ത് മരിച്ചെന്ന് കരുതി ആക്രമികള്‍ ഓടിരക്ഷപ്പെടുകയാണുണ്ടായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഡോക്‌ടറെ വഴിയാത്രക്കാർ വാറങ്കലിലെ എംജിഎം ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവിടെ നിന്നും ഹൈദരാബാദിലേക്ക് മാറ്റിയെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് തിരികെ വാറങ്കലിലേക്ക് തന്നെ കൊണ്ടുവന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
സുമന്തിന്‍റെ പിതാവ് സുധാകർ റെഡി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സുമന്തിന്‍റെ വീട്ടില്‍ നിന്നും മോഷ്‌ടിച്ച സ്വര്‍ണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്‌ച ഇയാളുടെ ഭാര്യ ഫ്ലോറ മരിയ, കാമുകൻ സാമുവൽ, കൂട്ടാളി രാജ്‌കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.