ഡോ. ഷഹനയുടെ മരണം; പ്രതി റുവൈസിന് പഠനം തുടരാം

0

കൊച്ചി: ഡോ. ഷഹന ജീവനൊടുക്കിയ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.

ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ മുഖ്യ പ്രതിയാണ് ഡോ. റുവൈസ്. പഠനം തുടരാൻ കഴിഞ്ഞില്ലെങ്കിൽ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകും. ഒരാഴ്ചയ്‌ക്കകം പുനപ്രവേശനം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അനിഷ്ട സംഭവങ്ങൾ കോളജ് അധികൃതർ തടയണമെന്നും കോടതിയുടെ നിർദ്ദേശമുണ്ട്.

ഷഹനയുടെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. പഠനം കഴിഞ്ഞ് വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് ഡോ. ഷഹന മരണത്തിന് മുൻപ് ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന വിവരം അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പിന്നീട് തിങ്കളാഴ്ച പതിനൊന്നരയോടെ ഡോ. ഷഹനയെ ഫ്‌ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *