കടുവയെ കൊല്ലരുത്; ഉത്തരവ് നിയമ വിരുദ്ധം: മനേകാ ഗാന്ധി
ന്യുഡൽഹി :കടുവയെ വെടിവച്ച് കൊല്ലരുതെന്ന കേന്ദ്ര ഉത്തരവ് നിലനിൽക്കെ വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേകാ ഗാന്ധി.
ഒരു കടുവയേയും വെടിവെച്ചു കൊല്ലാനുള്ള ഉത്തവിടാനാകില്ലെന്നും കേരളം പതിവ് പോലെ നിയമം ലംഘിക്കുകയാണെന്നും മനേക പറഞ്ഞു. കടുവയെ പിടികൂടാം എന്നാല്‍ കൊല്ലാനാകില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയര്‍ക്ക് ഇഷ്ടം. ഇത് അവസാനിപ്പിക്കാന്‍ രാജ്യത്ത് നിയമങ്ങളുണ്ട്. കടുവ ദേശീയ മൃഗമാണ് .
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനേകാ ഗാന്ധി പറഞ്ഞു.
വയനാട്ടിലെ കടുവ പ്രായമാകാത്ത കടുവയാണെന്നും വളരെഎളുപ്പം പിടികൂടാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കടുവയെ പിടികൂടാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും പറഞ്ഞു. മനുഷ്യ – വന്യമൃഗ സംഘര്‍ഷം ഉണ്ടാകുന്നതിന് കാരണം, വന്യമൃഗങ്ങളുടെ പ്രദേശങ്ങള്‍ നിങ്ങള്‍ കൈയടക്കുന്നത് കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാത്തിനെയും കൊല്ലാനാണ് ഇഷ്ടം. ആന കിണറ്റില്‍ വീണപ്പോഴും അതിനെ കൊല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. വന്യജീവി മനുഷ്യ സംഘര്‍ഷത്തിന് കാരണം കേരളത്തിലെ വനം കയ്യേറ്റം. ജനങ്ങള്‍ കടുവയുടെ ആഹാരമായ കാട്ടുപന്നിയെ കൊലപ്പെടുത്തി ഇല്ലാതാക്കുകയാണ്. ജനങ്ങള്‍ വനത്തില്‍ നിന്നും കുടിയിറങ്ങുന്നതാണ് നിലവിലെ ഏക പരിഹാരം.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ ആറുലക്ഷം ഹെക്ടറിലധികം വനം വെട്ടി നശിപ്പിച്ചു.കേരളത്തില്‍ എല്ലായിപ്പോഴും ആള്‍ക്കൂട്ട നിയമം.ഭാവിയെ കുറിച്ച് ആലോചിക്കാതെ ഇന്നിനെക്കുറിച്ച് മാത്രം ആലോചിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നത് -മനേകാ പറഞ്ഞു.
അതേസമയം, നരഭോജി കടുവയെ പിടികൂടുന്നതിന് ഭാഗമായി പഞ്ചാരക്കൊല്ലി, മേലേ ചിറക്കര,പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിൽ നാളെ രാവിലെ 6 മുതൽ 48 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് . കടുവയെ നരഭോജിയായി സർക്കാർ പ്രഖ്യാപിക്കുകയും വെടിവെച്ചു കൊല്ലാനായി 8 അംഗങ്ങളെ ഓരോ ടീമിലും ഉൾപ്പെടുത്തി 10 സംഘങ്ങളെ വയനാട്ടിൽ നിയോഗിച്ചിട്ടുണ്ട് . സംഘത്തിൽ പൊലീസിലെ ഷാർപ്പ് ഷൂട്ടേഴ്സും ഉണ്ട്.