” സ്ത്രീകളെ ധരിക്കുന്ന വസ്ത്രം നോക്കി വിലയിരുത്തരുത് ” – ഹൈക്കോടതി
തിരുവനന്തപുരം : സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് കേരള ഹൈക്കോടതി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ഇത്തരം പ്രവണതകള്‍ പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വസ്ത്രധാരണത്തിന്‍റെ പേരില്‍ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതിയുടെ ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ഏത് വസ്ത്രമാണ് ധരിക്കേണ്ടതെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അതിന്‍റെ പേരില്‍ കോടതി തന്നെ സദാചാര ഗുണ്ടയാവരുതെന്ന് വ്യക്തമാക്കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും, ജസ്റ്റിന് എംബി സ്നേഹലതയുമടങ്ങുന്ന ബെഞ്ചാണ് ഉത്തരവിറക്കിയത്. ഈ വര്‍ഷം ആദ്യം പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടിയ മാവേലിക്കരക്കാരിയായ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു ഹര്‍ജിക്കാരി. തന്‍റെ ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുവെന്നും ഡേറ്റിംഗ് ആപ്പില്‍ ചിത്രങ്ങള്‍ അപ്പ് ലോഡ് ചെയ്തു, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചു തുടങ്ങി കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് തനിക്ക് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതെന്നാണ് യുവതിയുടെ പരാതി.
അത് കോടതിയുടെ മോറല്‍ പൊലീസിങ്ങിനു വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളില്‍ ഉണ്ടാകരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ചു, ഡേറ്റിങ് ആപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചത്. വിവാഹമോചനം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ചതിനെയും കുടുംബക്കോടതി കുറ്റപ്പെടുത്തിയിരുന്നു. ഇതെല്ലാം തള്ളി യുവതിക്ക് കുട്ടികളുടെ കസ്റ്റഡി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിധിന്യായത്തിലുണ്ടാകരുതെന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മപ്പെടുത്തി. വിവാഹ മോചനം ആഘോഷിച്ചാല്‍ എന്താണ് തെറ്റെന്നും വിവാഹ മോചിതരായവരെല്ലാം സങ്കടപ്പെട്ട് ഇരിക്കണോ എന്നും കോടതി ചോദിച്ചു.