ഡോ. ഹാരിസ് പറഞ്ഞത് ശരിവെച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ ആരോഗ്യവകുപ്പ്. മെഡിക്കല്‍ കോളജ് യൂറോളജി വകുപ്പില്‍ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാണിച്ച ഉപകരണം വാങ്ങാന്‍ ആരോഗ്യവകുപ്പ് ഭരണാനുമതി നല്കി ഉത്തരവിറക്കി. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിന് പിറകെയാണ് നീക്കം. 2023 മുതല്‍ ഉപകരണം പ്രവര്‍ത്തിക്കുന്നില്ല എന്ന് ഡോക്ടര്‍ ഹാരിസ് നേരത്തെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു.
രണ്ട് കോടിരൂപ ചെലവില്‍ മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി.13 വര്‍ഷമായി ഉപയോഗിക്കുന്ന ഉപകരണമാണ് മാറ്റി വാങ്ങുന്നത്. ESWL ഉപകരണത്തിന്റെ കാലാവധി കഴിഞ്ഞെന്നും പുതിയ ഉപകരണത്തിനായി രണ്ട് വര്‍ഷമായി കാത്തിരിക്കുകയാണെന്നും ഡോ ഹാരിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തല്‍ വന്നതിന് പിറകെ തന്നെ ചില ഉപകരണങ്ങള്‍ ആരോഗ്യ വകുപ്പ് അടിയന്തരമായി എത്തിച്ചിരുന്നു.