ഡിഎൻഎ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൻ അന്തരിച്ചു
ന്യൂയോർക്ക്: ഡിഎൻഎയുടെ ഡബിൾ ഹീലിക്സ് ഘടന കണ്ടുപിടിച്ച പ്രസിദ്ധ ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേൽ സമ്മാന ജേതാവുമായ ജെയിംസ് വാട്സൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു 97ാം വയസിലാണ് അന്ത്യം. ന്യൂയോർക്കിലെ ഈസ്റ്റ് നോർത്ത്പോർട്ടിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ന്യൂയോർക്കിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ജെയിംസ് വാട്സനും ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനും ചേർന്നാണ് ഡിഎൻഎയുടെ ഡബിൾ ഹീലിക്സ് ഘടന കണ്ടുപിടിച്ചത്. 20ാം നൂറ്റാണ്ടിലെ ശാസ്ത്ര ലോകത്തെ നിർണായക വഴിത്തിരിവായി ഈ കണ്ടുപിടിത്തം മാറി. 1962ലാണ് ഇരുവരേയും തേടി വൈദ്യശാസ്ത്ര നൊബേൽ സമ്മാനമെത്തിയത്.
ചിക്കാഗോയിലാണ് അദ്ദേഹം ജനിച്ചത്. 24 വയസുള്ളപ്പോഴാണ് അദ്ദേഹം നിർണായക കണ്ടുപിടിത്തം നടത്തിയത്. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയ വഴി വെട്ടിത്തുറന്ന കണ്ടുപിടിത്തത്തിലൂടെ വാട്സൻ ശാസ്ത്ര ലോകത്ത് ആദരണീയനായി.
ജീവിതത്തിന്റെ അവസാന കാലങ്ങളിൽ കറുത്ത വർഗക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തി അദ്ദേഹം വിവാദത്തിലുമായിരുന്നു. വെളുത്ത വർഗക്കാരേക്കാൾ ബുദ്ധി കുറവാണു കറുത്ത വർഗക്കാർക്കെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഡിഎൻഎയുടെ ഡബിൾ ഹീലിക്സ് പാരമ്പര്യ വിവരങ്ങൾ എങ്ങനെ സംഭരിക്കുന്നു എന്നും കോശങ്ങൾ വിഭജിക്കുമ്പോൾ അവയുടെ ഡിഎൻഎ എങ്ങനെ പകർക്കപ്പെടുന്നു എന്നു സൂചന നൽകി. ജീവികളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുക, രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുക, ഡിഎൻഎ സാംപിളുകളിൽ നിന്നു മൃതദേഹങ്ങളേയും പ്രതികളേയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങി നിർണായകമായ ഒട്ടേറെ മേഖലകളിലേക്ക് വെളിച്ചം വീശാൻ പര്യാപ്തമായി ഇരുവരുടേയും കണ്ടെത്തൽ.
ശാസ്ത്ര ലോകത്തും സമൂഹത്തിലും ഈ കണ്ടെത്തൽ വലിയ ചലനമുണ്ടാക്കുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു. മനുഷ്യ ജീനോം മാപ്പ് ചെയ്യുന്നതിനുള്ള പദ്ധതിക്ക് അദ്ദേഹം മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രതിഭകളായ യുവ ശാസ്ത്രജ്ഞൻമാരെ കണ്ടെത്തുന്നതിലും അദ്ദേഹം ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുണ്ട്.
